കാർ കേസിൽ പിടിയിലായി; കൊടനാട് കേസ് ചുരുളഴിഞ്ഞു

മലപ്പുറം ∙ വാടകയ്ക്കെടുത്ത കാർ തിരിച്ചുനൽകിയില്ലെന്ന പരാതിയിൽ മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ സ്വദേശി ജിതിൻ ജോയിയെ (19) പിടികൂടിയതിനെത്തുടർന്നാണു ജയലളിതയുടെ കൊടനാട് എസ്റ്റേറ്റ് കൊലപാതകക്കേസിന്റെ ചുരുളഴിഞ്ഞത്. കുനിയിൽ സ്വദേശിയിൽനിന്നു ജിതിൻ വാടകയ്ക്കെടുത്ത കാർ നിശ്ചിത ദിവസം കഴിഞ്ഞിട്ടും തിരിച്ചുകൊടുത്തില്ല.

തുടർന്ന് ഉടമ അരീക്കോട് പൊലീസിൽ പരാതി നൽകി. വയനാട്ടിലെ സർവീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന ജിതിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചതു മറ്റൊരു കാർ. ജിതിന്റെ സുഹൃത്തായ വയനാട് വൈത്തിരി ജംഷീർ അലിയും (34) പൊലീസ് പിടിയിലായി. കുനിയിൽ സ്വദേശിയുടെ കാർ ജംഷീറിൽനിന്നു കിട്ടി. കൃത്യത്തിൽ നേരിട്ടു പങ്കില്ലെങ്കിലും ജിതിനും ജംഷീറും സംഭവം നടന്ന രാത്രി എസ്റ്റേറ്റ് പരിസരത്തെത്തിയിരുന്നു. ഇരുവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

കൃത്യത്തിൽ പങ്കാളികളായ തൃശൂർ, വയനാട് സ്വദേശികളെ ജിതിനെയും ജംഷീറിനെയും ഉപയോഗിച്ചു പിടികൂടിയതു മലപ്പുറം പൊലീസാണ്. മറ്റു പ്രതികളെ തമിഴ്നാട് പൊലീസിനു കൈമാറി. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്നതു ജിതിനും ജംഷീറുമാണ്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണു പ്രതികളെ പിടികൂടിയത്.

ഒന്നാം പ്രതി കനകരാജ് ജയലളിത ഒഴിവാക്കിയ ഡ്രൈവർ

സേലം ∙ കേസിലെ ഒന്നാം പ്രതി, മരിച്ച എടപ്പാടി കാട്ടുവളവ് സ്വദേശി കനകരാജ് 2007 മുതൽ അഞ്ചുവർഷം ജയലളിതയുടെ സ്വകാര്യ വാഹനത്തിലെ ഡ്രൈവറായിരുന്നു. വിശ്വസ്തനായ കനകരാജിനു കൊടനാട് എസ്റ്റേറ്റിൽ എപ്പോൾ വേണമെങ്കിലും കയറാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എഐഎഡിഎംകെ സേലം ജില്ലാ സെക്രട്ടറിയായിരുന്ന കെ.ശരവണനാണ് കനകരാജിനു ജയലളിതയുടെ ഡ്രൈവറായി ജോലി വാങ്ങി നൽകിയത്.

2011ലുണ്ടായ വാഹനാപകടത്തിൽ ശരവണൻ മരിച്ചശേഷം ജില്ലാ സെക്രട്ടറിയായി നിയമിതനായ ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കനകരാജിനെ മാറ്റി തന്റെ സുഹൃത്തും പാർട്ടി അംഗവുമായ മറ്റൊരാളെ ഡ്രൈവറായി നിയമിച്ചു. ജയലളിതയുടെ പേരിൽ പണപ്പിരിവു നടത്തുന്നുവെന്ന പരാതിമൂലം പുറത്താക്കിയതാണെന്നും വിവരമുണ്ട്. ഡ്രൈവർ ജോലി നഷ്ടമായെങ്കിലും എസ്റ്റേറ്റ് ജീവനക്കാരുമായി കനകരാജ് അടുത്ത ബന്ധം തുടർന്നു. എസ്റ്റേറ്റിലെ ഉദ്യാനത്തിലേക്കു വളം എത്തിച്ചിരുന്നതു കനകരാജാണ്. ജോലി നഷ്ടമായശേഷം പഴയ കാറുകൾ വാങ്ങി മറിച്ചുവിൽക്കുന്ന തൊഴിൽ ചെയ്തിരുന്നു.

പണം വാങ്ങാൻ കനകരാജ് പോയത് എങ്ങോട്ട് ?

സേലം ∙ രണ്ടു കാർ സ്വന്തമായുണ്ടായിട്ടും 75 കിലോമീറ്റർ അകലെയുള്ള ആത്തൂരിലേക്കു കനകരാജ് എന്തിനു ബൈക്കിൽ പോയി എന്നതു പൊലീസിനെ കുഴക്കുന്ന ചോദ്യമാണ്. കുറച്ചു പണം ശരിയായിട്ടുണ്ടെന്നും അതു വാങ്ങാൻ പോകുകയാണെന്നും പറഞ്ഞാണു കനകരാജ് 28നു രാത്രി വീട്ടിൽനിന്ന് ഇറങ്ങിയതെന്നു ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കൊടനാട് എസ്റ്റേറ്റിലെ കാവൽക്കാരന്റെ കൊലപാതകത്തിനുശേഷം പൊലീസ് പ്രതിയാക്കിയതോടെ കനകരാജ് ബന്ധുവീട്ടിലാണു താമസിച്ചിരുന്നത്. ഇറങ്ങുന്നതിനു തൊട്ടുമുൻപ് കനകരാജിനു ഫോൺ വന്നിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

കനകരാജ് പഴയ മൊബൈൽ സിം ഉപേക്ഷിച്ചു പുതിയത് എടുത്തിരുന്നു. 28ന് അർധരാത്രിയോടെ ആത്തൂരിനടുത്തുള്ള കാട്ടുകോട്ടൈയിലെത്തിയ കനകരാജ് അവിടത്തെ ലോഡ്ജിൽ മുറിയെടുത്തതായും പൊലീസ് പറയുന്നു. അവിടെനിന്ന് ഇന്നലെ പുലർച്ചെ ബൈക്കിൽ ആത്തൂർ ഭാഗത്തേക്കു പോയതു ലോഡ്ജ് ജീവനക്കാരൻ കണ്ടിട്ടുണ്ട്. ആത്തൂരിനടുത്ത് ഒഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം. റോഡിൽ മൃതദേഹം കിടക്കുന്നതുകണ്ട് യാത്രക്കാരാണു പൊലീസിനെ വിവരമറിയിച്ചത്. സമീപത്തുതന്നെ തകർന്ന ബൈക്കും ഉപേക്ഷിച്ചനിലയിൽ കാറും കണ്ടെത്തി. കാർ ഓടിച്ചിരുന്ന സേലം സ്വദേശി റഫീക്കും (28) ഇയാളുടെ സുഹൃത്തും ഉച്ചയോടെ ആത്തൂർ പൊലീസിൽ കീഴടങ്ങി. ഒട്ടേറെ കേസുകളിൽ പ്രതിയാണു റഫീക്ക്.

വിദേശത്തേക്കു കടന്ന ചേർത്തല സ്വദേശിയെക്കുറിച്ചു ദുരൂഹത

ഊട്ടി ∙ കൊടനാട് എസ്റ്റേറ്റിലെ കൊലപാതകത്തിനു മുൻപ് അവിടത്തെ ബംഗ്ലാവിലെ അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്ന ചേർത്തല സ്വദേശി സജീവ് വിദേശത്തേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചു. കാവൽക്കാരൻ റാം ബഹദൂർ കൊല്ലപ്പെട്ട 24നു രണ്ടുദിവസം മുൻപ് ഇയാൾ വിദേശത്തേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇയാളാണു ബംഗ്ലാവിലെ ഫർണിച്ചറുകളുടെയും മറ്റും അറ്റകുറ്റപ്പണി നടത്തിയിരുന്നത്. ബംഗ്ലാവിലെ പൊട്ടിയ രണ്ടു ജനലുകൾ മാറ്റാനെന്ന പേരിൽ ഒരാഴ്ച തുടർച്ചയായി ഇയാൾ ബംഗ്ലാവിൽ എത്തിയിരുന്നതായി ജീവനക്കാർ പൊലീസിനു മൊഴി നൽകിയിരുന്നു. ഇയാളും മരിച്ച കനകരാജും അടുത്ത സുഹൃത്തുക്കളായിരുന്നു.

വിനുപ്രിയയും നീതുവും നേരത്തേ കൊല്ലപ്പെട്ടു ?

പാലക്കാട് ∙ കൊടനാട് കൊലക്കേസ് പ്രതി സയന്റെ ഭാര്യ വിനുപ്രിയയുടെയും മകൾ നീതുവിന്റെയും കഴുത്തിൽ കണ്ടെത്തിയ ആഴത്തിലുള്ള മുറിവാണ് ഒട്ടേറെ സംശയങ്ങൾക്ക് ഇടയാക്കുന്നത്. ഭാര്യയെയും മകളെയും മറ്റെവിടെയെങ്കിലും വച്ച് അപായപ്പെടുത്തി സയൻ ആത്മഹത്യയ്ക്കു ശ്രമിച്ചതാണോ എന്നു പരിശോധിക്കുന്നുണ്ട്. പ്രതികളെ അപായപ്പെടുത്തിയതാകാനുള്ള സാധ്യതയും പരിശോധിക്കുന്നു. വിനുപ്രിയയുടെ കഴുത്തിലെ ആഴത്തിലുള്ള മുറിവ് ഇടിയുടെ ആഘാതത്തിൽ കാറിന്റെ ചില്ലുതട്ടിയുണ്ടായതാണെന്നാണ് ആദ്യം കരുതിയത്. നീതുവിന്റെ കഴുത്തിലും സമാന മുറിവു കണ്ടെത്തിയതോടെ സംശയമായി. ഇതോടെ എഎസ്പി ജി.പൂങ്കുഴലി, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.മുരളീധരൻ എന്നിവർ സ്ഥലത്തെത്തി മുറിവുകൾ പരിശോധിച്ചു. അപകടത്തിൽപെട്ട കാറിൽ കാര്യമായ രക്തപ്പാടുകളില്ല. നമ്പർ വ്യാജമാണ്. വാളയാർ ടോൾ പ്ലാസയിൽ നടത്തിയ അന്വേഷണത്തിൽ, ഈ മാസം 14ന് ഇതേ നമ്പറിലുള്ള കാർ ഇതുവഴി കേരളത്തിലേക്ക് എത്തിയതായി കണ്ടെത്തി.

അപകടത്തിന്റെ രീതിയും സംശയാസ്പദം

പാലക്കാട് ∙ സയന്റെ കാറിടിച്ച കണ്ടെയ്നർ ലോറി ദേശീയപാതയുടെ അരികിലാണു നിർത്തിയിട്ടിരുന്നത്. ഇവിടെ അപകടസാധ്യത തീരെ കുറവാണ്. ഈ സാഹചര്യത്തിൽ കാർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറ്റിയതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സംഭവത്തിലെ നിർണായക കണ്ണിയായ സയനെ രക്ഷിച്ചെടുത്തത് അഗ്നിശമനസേനയുടെ സമയോചിത ഇടപെടലാണ്. കാറിന്റെ മുക്കാ‍‌ൽഭാഗവും കണ്ടെയ്നർ ലോറിക്കടിയിലേക്കു കയറിപ്പോയിരുന്നു. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ചു ലോറി ഉയർത്തിയെങ്കിലും കാറിലെ യാത്രക്കാരെ പുറത്തെടുക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു വാഹനഭാഗങ്ങൾ മുറിച്ചുമാറ്റി ഓരോരുത്തരെയായി പുറത്തെടുത്തു. വാഹനം ഓടിച്ചിരുന്ന ആൾ ഉറങ്ങിയതിനെത്തുടർന്നുള്ള അപകടം എന്നാണ് ആദ്യം കരുതിയത്.

വിവരം ലഭിച്ചത് ആധാർ കാർഡിൽനിന്ന്

പാലക്കാട് ∙ വാഹനത്തിൽനിന്ന് ആധാർ കാർഡിലെ വിലാസം ലഭിച്ചപ്പോഴാണു പൊലീസിനു സംശയം തോന്നിയത്. കൊടനാട് എസ്റ്റേറ്റിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടു തമിഴ്നാട് പൊലീസ് ജില്ലയിലടക്കം പരിശോധന നടത്തിയിരുന്നു. ജില്ലാ പൊലീസും ഇതി‍ൽ സഹായിച്ചിരുന്നു. വിലാസം തമിഴ്നാട് പൊലീസിനു കൈമാറിയതോടെയാണു വാഹനത്തിലുണ്ടായിരുന്നവരെക്കുറിച്ചു കൃത്യമായി വിവരങ്ങൾ കിട്ടിയത്. തമിഴ്നാട് പൊലീസിലെ ഡിഎസ്പി വേൽമുരുകൻ ഇന്നലെ വൈകിട്ടു പാലക്കാട്ടെത്തി.