കോട്ടയം∙ എട്ടു മാസംകൊണ്ട് 605 ഷെഡ്യൂളുകൾ വെട്ടിക്കുറച്ച് കെഎസ്ആർടിസിയെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുൻ ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു. 5650 ഷെഡ്യൂളുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 5045 ഷെഡ്യൂളുകളാക്കി. കോട്ടയം ജില്ലയിലും ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. പെൻഷനും ശമ്പളവും മുടങ്ങുകയാണ്.
ശമ്പളക്കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയിൽ കഴിഞ്ഞതാണ്. പുതുക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടില്ല. യുഡിഎഫ് സർക്കാർ വാങ്ങിയ 2450 ബസുകൾ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. 4000 താൽക്കാലിക ജീവനക്കാരിൽ 1200 പേരെയും പിരിച്ചുവിട്ടു. നിർത്താൻപോകുന്ന ഷെഡ്യൂളുകൾ മുൻകൂട്ടി തീരുമാനിക്കുകയും കൃത്യമായി സർവീസ് നടത്താതെ ഇവയെല്ലാം നഷ്ടമാണെന്നു വരുത്തി നിർത്തലാക്കുകയുമാണ് ചെയ്യുന്നത്.
കെഎസ്ആർടിസിയിലെ പെൻഷൻ തുകയുടെ പകുതി ബാധ്യത കഴിഞ്ഞ സർക്കാരാണ് വഹിച്ചത്. എന്നാൽ അന്ന് മുഴുവൻ പെൻഷൻ ബാധ്യതയും സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ ഇതേപ്പറ്റി പറയുന്നേയില്ല– തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.