കൊടുങ്ങല്ലൂർ ∙ ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ കള്ളനോട്ട് അടിച്ച ബിജെപി നേതാവ് അറസ്റ്റിൽ. ഇയാളുടെ വീട്ടിൽനിന്നു 1.37 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
യുവമോർച്ച ശ്രീനാരായണപുരം കിഴക്കൻ മേഖല കമ്മിറ്റി പ്രസിഡന്റ് എരാശേരി രാകേഷിനെ (32) ആണു പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിൽ വ്യാപകമായി നടത്തിയ ഓപ്പറേഷൻ കുബേര റെയ്ഡിലാണ് കള്ളനോട്ട് കണ്ടെടുത്തത്. രാകേഷ് പലിശ ഇടപാട് നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു എസ്ഐ മനു വി. നായരുടെ നേതൃത്വത്തിൽ റെയ്ഡ്.
ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു ലാപ്ടോപ്പും സ്കാനറും ആധുനിക രീതിയിലുള്ള കളർ പ്രിന്ററും സജ്ജീകരിച്ചിരുന്നത്.
വ്യാജനോട്ടുകൾ എ ഫോർ പേപ്പറിൽ പ്രിന്റ് ചെയ്ത നിലയിലായിരുന്നു. കുറച്ചു നോട്ടുകൾ യഥാർഥ നോട്ടുകൾപോലെ വെട്ടി അടുക്കിയ നിലയിൽ മേശയിലുമായിരുന്നു. പണം പലിശയ്ക്കു നൽകിയതിന് ഇൗടായി സ്വീകരിച്ചിരുന്ന ചെക്കുകൾ, മുദ്രപത്രങ്ങൾ, നോട്ടുകൾ എന്നിവയും പൊലീസ് കണ്ടെത്തി.
കംപ്യൂട്ടർ വിദഗ്ധനായ രാകേഷ് ഏതാനും മാസങ്ങളായി കള്ളനോട്ട് അടിച്ചിരുന്നതായാണു വിവരം.
പിടിച്ചെടുത്തവയിൽ 1,37,590 രൂപയുടെ വ്യാജ നോട്ടുകളുണ്ട്. 2000 രൂപയുടെ 64 എണ്ണം, 500 രൂപയുടെ 13, 50 രൂപയുടെ അഞ്ച്, 20 രൂപയുടെ പത്ത് എന്നിങ്ങനെയാണു പിടിച്ചെടുത്ത നോട്ടുകളുടെ എണ്ണം.
രാകേഷിന്റെ പോക്കറ്റിൽനിന്ന് 2630 രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു.
രാകേഷിന്റെ സഹോദരൻ ബിജെപി–ഒബിസി മോർച്ച കയ്പമംഗലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാജീവിനു (26) കേസിൽ പങ്കുണ്ടെന്നാണു സൂചന. റെയ്ഡ് നടക്കുമ്പോൾ ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പൊരിബസാർ പെട്രോൾ പമ്പിൽ 2000 രൂപയുടെ കള്ളനോട്ട് നൽകി പെട്രോൾ അടിക്കാൻ രാജീവ് ശ്രമിച്ചിരുന്നു. ഇയാളെ കുറിച്ച് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
സിബിസിഐഡി ഡിവൈഎസ്പി അമ്മിണിക്കുട്ടൻ, ഷാഹുൽ ഹമീദ്, സിഐമാരായ സുരേഷ് കുമാർ, ആർ.റാഫി, സന്തോഷ് കുമാർ, മതിലകം എസ്ഐ മനു വി. നായർ എന്നിവർ സ്ഥലത്തെത്തി.