തിരുവനന്തപുരം∙ ട്രെയിനുകളേക്കാൾ വേഗത്തിൽ ലക്ഷ്യത്തിലെത്തുന്ന ‘മിന്നൽ’ ബസ് സർവീസുമായി കെഎസ്ആർടിസി. നാളെ മുതൽ 10 റൂട്ടുകളിലാണു സർവീസ് തുടങ്ങുന്നത്. സ്റ്റോപ്പുകളുടെ എണ്ണവും ഡ്രൈവർമാരുടെ വിശ്രമസമയവും കുറച്ചാണ് അതിവേഗയാത്ര ഒരുക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി രാത്രിയാണു ബസുകൾ സർവീസ് നടത്തുക.
23 ബസുകൾക്കായി 90 ഡ്രൈവർമാർക്കു പരിശീലനം നൽകി. ദീർഘദൂര ബസുകൾക്ക് രണ്ട് ഡ്രൈവർമാരുണ്ടാകും. മണിക്കൂറിൽ 80 കിലോമീറ്ററായിരിക്കും പരമാവധി വേഗം. യാത്രാമധ്യേ കൊല്ലം ഒഴികെയുള്ള ഡിപ്പോകളിലൊന്നും ബസുകൾ കയറില്ല. പരമാവധി സ്റ്റോപ്പുകളുടെ എണ്ണം എട്ട് ആയിരിക്കും. വയനാട്ടിലേയ്ക്കുള്ള സർവീസുകൾ തൃശൂരിൽ നിന്ന് മഞ്ചേരി–അരീക്കോട് വഴിയാണു സർവീസ് നടത്തുക. പ്രത്യേകം ഡിസൈൻ ചെയ്ത നിറങ്ങളണിഞ്ഞാണു മിന്നൽ റോഡിലിറങ്ങുന്നത്. പുഷ്ബാക് സീറ്റുള്ള എയർ ബസുകളിൽ വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പിന്നീട് ഏർപ്പെടുത്തും. സൂപ്പർ ഡീലക്സിന്റെ നിരക്കാണ് ഈടാക്കുക. ആദ്യ സർവീസുകൾ വിജയമായാൽ പുതിയ മിന്നലുകൾ ഇറക്കും.
ആദ്യഘട്ടത്തിലെ സർവീസുകൾ: തിരുവനന്തപുരം - പാലക്കാട് (യാത്രാസമയം 6.30 മണിക്കൂർ, നാല് സ്റ്റോപ്), പാലക്കാട്– തിരുവനന്തപുരം (നാല് സ്റ്റോപ്), തിരുവനന്തപുരം - കാസർകോട് 11.30 മണിക്കൂർ (എട്ട് സ്റ്റോപ്), തിരുവനന്തപുരം - കണ്ണൂർ 9.30 മണിക്കൂർ (ആറ് സ്റ്റോപ്), തിരുവനന്തപുരം - സുൽത്താൻ ബത്തേരി 9.20 മണിക്കൂർ (എട്ട് സ്റ്റോപ്), തിരുവനന്തപുരം - മാനന്തവാടി 9.25 മണിക്കൂർ (എട്ട് സ്റ്റോപ്), തിരുവനന്തപുരം - കട്ടപ്പന 6.15 മണിക്കൂർ (അഞ്ച് സ്റ്റോപ്), തിരുവനന്തപുരം - മൂന്നാർ 6.30 മണിക്കൂർ (നാല് സ്റ്റോപ്), പാലക്കാട് - കുമളി 6.05 മണിക്കൂർ (നാല് സ്റ്റോപ്), പാലക്കാട് -മംഗലാപുരം 7.20 മണിക്കൂർ (നാല് സ്റ്റോപ്),