Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ വിദേശത്തേക്കു കടത്തിയെന്നു സംശയം; ദിലീപ് ഇന്നു ജാമ്യ ഹർജി നൽകിയേക്കും

dileep-cartoon

കൊച്ചി∙ യുവനടിയെ ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാ‍ൻഡിൽ കഴിയുന്ന നടൻ ദിലീപ് ഇന്നു ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയേക്കും. അങ്കമാലി മജിസ്ട്രേട്ട് കോടതി പൊലീസിന്റെ കേസ് ഡയറി വിളിച്ചുവരുത്തി തെളിവുകൾ പരിശോധിച്ചശേഷം ജാമ്യാപേക്ഷ തള്ളിയിരുന്നു.

മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കാനാണു നീക്കം. കേസിലെ മുഖ്യപ്രതി സുനിൽകുമാറിനു (പൾസർ സുനി) ദിലീപിനുവേണ്ടി ക്വട്ടേഷൻ തുക കൈമാറാൻ ശ്രമിച്ചതായി പൊലീസ് കരുതുന്ന സുനിൽരാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുൻപു കേസിൽ ജാമ്യം നേടണമെന്നാണു ദിലീപിനു ലഭിച്ച നിയമോപദേശം.

അപ്പുണ്ണിക്കു നാലു മൊബൈൽ ഫോണുകളും അഞ്ചു സിം കാർഡുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇതിൽ ഒരു ഫോൺ സ്ഥിരമായി ദിലീപാണ് ഉപയോഗിച്ചിരുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച തെളിവിലേക്ക് അപ്പുണ്ണിയുടെ പേരിലുള്ള ഈ മൊബൈൽ ഫോൺ നിർണായകമാണ്. ഈ സാഹചര്യത്തിലാണു ദിലീപ് അറസ്റ്റിലായ ഉടൻ അപ്പുണ്ണി ഒളിവിൽപോയതെന്നു സംശയിക്കുന്നു. ഇയാൾ വിദേശത്തേക്കു കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രതാ നോട്ടിസ് നൽകിയിട്ടുണ്ട്.

വൈകാതെ തിരച്ചിൽ നോട്ടിസും പുറപ്പെടുവിക്കും. കേസിൽ പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയും അറസ്റ്റ് ഭയന്ന് ഒളിവിലാണ്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതീഷ് ചാക്കോ വഴി ദിലീപിനു കൈമാറിയെന്നാണു സുനിയുടെ മൊഴി.

ഈ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. എന്നാൽ ദൃശ്യങ്ങൾ പലതവണ പകർത്തപ്പെട്ടതായി തെളിവുണ്ട്. ഇതിൽ ഒരു കോപ്പി പൊലീസിനു ലഭിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ ദിലീപ് രണ്ടാഴ്ച മുൻപ് അടുത്ത സുഹൃത്തു വഴി വിദേശത്തേക്കു കടത്തിയതായി സൂചനയുണ്ട്. ദൃശ്യങ്ങൾ വിദേശത്തുനിന്നു യൂട്യൂബിൽ അപ്‌ലോഡു ചെയ്യുന്നതു തടയാൻ സൈബർ സെൽ ജാഗ്രത പുലർത്തുന്നുണ്ട്.

കൂട്ടമാനഭംഗ കേസിൽ പ്രതിയായ നടനെ വെള്ളപൂശാൻ പൊലീസ് അന്വേഷണത്തെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ വാസ്തവവിരുദ്ധമായ പ്രചാരണം അഴിച്ചുവിട്ട സ്വകാര്യ പബ്ലിക് റിലേഷൻസ് (പിആർ) സ്ഥാപനത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസ് നിയമോപദേശം തേടി. ഇന്നലെ ജയിലിൽ ദിലീപിനെ സന്ദർശിക്കാൻ ആരും ശ്രമിച്ചില്ല.

ദിലീപിന്റെ ‘ജോർജേട്ടൻസ് പൂരം’ എന്ന സിനിമയുടെ തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ ദിലീപിനൊപ്പം സെൽഫിയെടുത്ത രണ്ടുപേരുടെ രഹസ്യ മൊഴികൾ അന്വേഷണസംഘം കാലടി മജിസ്ട്രേട്ടു മുൻപാകെ രേഖപ്പെടുത്തി. ഈ സെൽഫികളിലാണു ദിലീപിന്റെ പിന്നിലായി പൾസർ സുനിയുടെ ദൃശ്യം പതിഞ്ഞത്.