Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ നന്ദി ഇതുവരേയ്ക്കും ജീവിതം അനുവദിച്ച കാലത്തോട്: എം.ടി

mt-vasudevan-nair അക്ഷരപ്രണാമം: ശതാഭിഷിക്തനായ എം.ടി. വാസുദേവൻനായർക്ക് ആശംസകൾ നേരാൻ എത്തിയ മലയാള മനോരമ ചീഫ് എ‍ഡിറ്റർ മാമ്മൻ മാത്യു അദ്ദേഹത്തെ പൊന്നാട അണിയിക്കുന്നു. മലയാള മനോരമ ഡപ്യൂട്ടി എഡിറ്റർ ജയന്ത് മാമ്മൻ മാത്യു സമീപം. ചിത്രം: മനോരമ

കോഴിക്കോട് ∙ മറ്റേതൊരു ദിനവും പോലെ ഇന്നലത്തെ പകലും എംടിക്കു മുന്നിലൂടെ കടന്നു പോയി. എരഞ്ഞിപ്പാലം പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ ശ്രീകേഷ് പതിവു പോലെ കത്തുകളുടെ കെട്ട് അദ്ദേഹത്തിനു മുന്നിൽ വച്ചു പിൻവാങ്ങി. വല്ലപ്പോഴും എംടി ശ്രീകേഷിനു പുസ്തകങ്ങൾ സമ്മാനിക്കാറുണ്ട്. സന്ദർശകരുടെ തിരക്കിനിടയിൽ ഇന്നലെ ഒന്നു മൂളുക മാത്രം ചെയ്തു.

ശതാഭിഷേക ദിനത്തിൽ നേരിട്ടും ഫോണിലും ആശംസ നേർന്നവരോട് എൺപത്തിനാലു വയസുവരെ ജീവിതം അനുവദിച്ചു തന്ന കാലത്തോടാണ് തന്റെ നന്ദിയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ‘ഈ ലോകം ജീവിക്കാനുതകുന്നതാണ് എന്ന ആത്മവിശ്വാസം ഇപ്പോഴും ഇല്ല. എങ്കിലും കാലത്തിനു പുറമെ ആയിരം പൂർണചന്ദ്രന്മാരെ കാട്ടിത്തന്ന പ്രകൃതിക്കും ജഗന്നിയന്താവിനും നന്ദി.’ തറവാട്ടു കാരണവരെ പോലെ കുളിച്ചു കുറിതൊട്ട്, തോളിൽ‍ നേര്യതിട്ട് ഇരിക്കാൻ പിറന്നാൾ ദിനത്തിലും സാഹിത്യലോകത്തെ ഈ കാരണവർ‍ക്കു താൽപര്യമില്ല.

കർക്കടകത്തിലെ ഉതൃട്ടാതിയിലാണ് എം. ടി വാസുദവൻ നായർ പിറന്നത്. ജന്മനക്ഷത്രം വച്ചു നോക്കിയാൽ വരുന്ന ഓഗസ്റ്റ് 11ആണ് ശതാഭിഷേകദിനം. ഇംഗ്ലിഷ് കലണ്ടർ അനുസരിച്ച് 1933 ജൂലൈ 15നാണ് ജനനം. ഓഗസ്റ്റ് 11ന് ആഘോഷമുണ്ടോ എന്നു ചോദിക്കാൻ നിൽക്കണ്ട. അന്നും എംടിക്ക് പതിവ് ദിനങ്ങളിൽ ഒന്നുമാത്രമായിരിക്കാനാണു സാധ്യത. വീട്ടിൽ ചിലപ്പോൾ പൂജയുണ്ടാകാം.

പഞ്ഞകർക്കടകത്തിലെ ജനനമായതിനാലാവാം ഇതുവരെ ജന്മദിനം ആഘോഷിച്ചിട്ടില്ല. സന്തതസഹചാരി കെ. എസ്. വെങ്കിടാചലമാണ് കൊട്ടാരം റോഡിലെ സിത്താരയിൽ ആദ്യം എത്തിയത്. പുറകെ എഴുത്തുകാരൻ വി. ആർ. സുധീഷുമെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, നടൻ ജയറാം, എം.എ. ബേബി, കെ. എം. മാണി എന്നിവർ ഫോണിൽ വിളിച്ച് ആശംസ നേർ‍ന്നു. എംടിയെക്കാൾ ഒരു വയസു താനാണു മുതിർന്നതെന്ന കാര്യം കെ. എം. മാണി ഓർത്തു. 

മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും ഡപ്യൂട്ടി എഡിറ്റർ ജയന്ത് മാമ്മൻ മാത്യുവും എംടിക്ക് ആശംസ നേരാൻ എത്തി. ഒന്നിച്ച് ‘പത്മ’ അവാർഡുകൾ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിൽ നിന്നു സ്വീകരിച്ച സന്ദർഭം എംടിക്കും മാമ്മൻ‍ മാത്യുവിനും ഓർക്കാനുള്ള വിഷയമായി. ഒപ്പം കലാമിന്റെ വ്യക്തിത്വവും. മാമ്മൻ മാത്യുവിന്റെ നേതൃത്വത്തിൽ തുടക്കമിട്ട ‘കരുണ’ സ്പെഷൽ സ്കൂളിന്റെ പ്രവർത്തനങ്ങളെ എംടി ശ്ലാഘിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.കെ. രാഘവൻ എംപി, പി.വി. ഗംഗാധരൻ, പുരുഷൻ കടലുണ്ടി എംഎൽഎ, നടൻ കെടിസി അബ്ദുല്ല, എഴുത്തുകാർ, ആരാധകർ തുടങ്ങി ഒട്ടേറെപ്പേർ ആശംസ നേരാൻ എത്തി. വിദേശത്തുള്ള ആരാധകരുടെ വിളിയിൽ ഫോൺ നിർത്താതെ ശബ്ദിച്ചു. ഉച്ചയ്ക്ക് സാമ്പാറും തോരനും പച്ചടിയും മോരും കൂട്ടി ഊണ്. പിറന്നാൾ മധുരം ഒരുക്കിയിരുന്നില്ല.

ചങ്ങമ്പുഴയ്ക്കു ശേഷം ജീവിച്ചിരിക്കെ ഇത്രയധികം ആഘോഷിക്കപ്പെട്ട എഴുത്തുകാരൻ വേറെയില്ലെന്ന് എഴുത്തുകാരൻ വി. ആർ‍. സുധീഷ് സാക്ഷ്യപ്പെടുത്തി. എന്നാൽ എഴുത്തിന്റെ ‘ആഘോഷ’ങ്ങൾക്കിടയിൽ ആയിരം പൂർണചന്ദ്രന്മാരെ കണ്ടതൊന്നും ആഘോഷിക്കാൻ നേരമില്ലാതെ എംടി പോസ്റ്റുമാൻ ശ്രീകേഷ് നൽകിയ കത്തുകളുടെ കെട്ടഴിച്ചു. പോസ്റ്റുകാർഡുകളായിരുന്നു കൂടുതലും. സ്കൂൾ കുട്ടികൾ എഴുതിയതാണ്. ആ കത്തുകളൊക്കെയും പ്രിയ എഴുത്തുകാരന് പിറന്നാൾ ആശംസ നേർന്നുള്ളതായിരുന്നു.