കോഴിക്കോട് ∙ 1000 കോടി രൂപ ചെലവിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയിൽനിന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ എം.ടി.വാസുദേവൻ നായർ പിന്മാറുന്നു. ചിത്രീകരണം അനന്തമായി നീളുന്നതാണു എംടിയെ പിന്തിരിപ്പിച്ചത്. സംവിധായകൻ വി.എ.ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട‌് എംടി കോഴിക്കോട‌് മുൻസിഫ‌് കോടതിയെ സമീപിച്ചു. കേസ് വൈകിട്ട് മൂന്നിനു പരിഗണിക്കും. തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ പറയുന്നു.
വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണു രണ്ടാമൂഴം എന്ന മാസ്റ്റർപീസ് നോവൽ എംടി എഴുതിയത്. അത്രയും തന്നെ സമയമെടുത്താണു തിരക്കഥ ഒരുക്കിയതും. എന്നാൽ തന്റെ ആത്മാർത്ഥതയുടെ ഒരു അംശം പോലും അണിയറ പ്രവർത്തകരിൽനിന്ന് ഉണ്ടായില്ലെന്ന തോന്നലാണു എംടിയെ പിൻമാറ്റത്തിനു പ്രേരിപ്പിച്ചതെന്നറിയുന്നു.
4 വർഷം മുമ്പാണു ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത‌്. തുടർന്നു മലയാളം, ഇംഗ്ലിഷ‌് തിരക്കഥകൾ നൽകി. മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങിയില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും എംടി ആരോപിക്കുന്നു. ചിത്രത്തിൽ ഭീമന്റെ റോളിൽ മോഹൻലാലിനെയാണു പ്രഖ്യാപിച്ചത്. ‘മഹാഭാരത‌്’ എന്ന പേരിൽ 2 ഭാഗങ്ങളായി 1000 കോടി രൂപ ചെലവിലൊരുക്കുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണു കരുതിയിരുന്നത‌്.
2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്‌ഷന്‍ ആയിരിക്കും ചിത്രമെന്നും നിർമാതാവ് ബി.ആർ.ഷെട്ടി പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ആഘോഷിക്കപ്പെട്ട നിരവധി താരങ്ങൾ ചിത്രത്തിലുണ്ടാകുമെന്നും. പ്രീ-പ്രൊഡക്‌ഷന്‍ ജോലികൾ അവസാനഘട്ടത്തിലാണെന്നും പ്രഖ്യാപനമുണ്ടായി. രണ്ടാമൂഴം സിനിമ സംഭവിക്കുമെന്നും എംടിക്കുണ്ടായ തെറ്റിദ്ധാരണകൾ നേരിട്ടുകണ്ട് പറഞ്ഞുതീർക്കുമെന്നും വി.എ.ശ്രീകുമാർ മേനോൻ പ്രതികരിച്ചു.