മോഹന്‍ലാൽ ലോക്സഭയിലേക്ക് മൽസരിക്കുമോ?; പുതിയ തന്ത്രവുമായി ആർഎസ്എസ്
Mail This Article
തിരുവനന്തപുരം∙ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സമ്മതം മൂളാത്ത മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എസ്എസ് ശ്രമം. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കാനുള്ള ശ്രമം ആര്‍എസ്എസ് ആരംഭിച്ചു. ബിജപിക്കാര്‍ ആരും ജനകീയ മുന്നണി കമ്മിറ്റിയില്‍ ഉള്‍പ്പെടില്ല.
ഇതിനു പുറമേ പത്തനംതിട്ടയിലും, തൃശൂരും പൊതു സമ്മതരെ മല്‍സരിപ്പിക്കാനുള്ള നീക്കവും ആര്‍എസ്എസ് ആരംഭിച്ചിട്ടുണ്ട്. അയ്യപ്പഭക്തസംഗമവും, ശബരിമല സമരവും കര്‍മസമിതി നടത്തിയതുപോലെ പ്രത്യേക ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കി മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍എസ്എസ് ശ്രമം. സംവിധായകന് പ്രിയദര്ശന്, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെട്ട ജനകീയ മുന്നണിയാണെങ്കില്‍ എല്ലാ മത വിഭാഗക്കാരുടേയും വോട്ടും സമാഹരിക്കാന്‍ കഴിയുമെന്ന ചിന്തയാണ് ആര്‍എസ്എസ് നീക്കത്തിനു പിന്നില്‍.
കൂടാതെ പാര്‍ട്ടിയുടേതല്ലാത്ത സ്ഥാനാര്‍ഥിയായി ആണെങ്കില്‍ മോഹന്‍ലാലും സമ്മതം പ്രകടിപ്പിക്കുമെന്നാണ് ആര്‍എസ്എസിന്റെ പ്രതീക്ഷ. പ്രഞ്ജാവാഹക് ദേശീയ കോര്‍ഡിനേറ്റര്‍ ജെ.നന്ദകുമാര്‍ അടക്കമുള്ള ഉന്നതരാണു നീക്കത്തിനു പിന്നില്‍. സ്ഥാനാര്‍ഥിയാകണമെന്നു മോഹന്‍ലാലിനോടു പ്രധാനമന്ത്രിയടക്കമുള്ളവരെ കൊണ്ടു നേരിട്ട് ആവശ്യമുന്നയിപ്പിക്കാനും നീക്കമുണ്ട്.
ജനകീയ മുന്നണി രുപീകരണവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം നഗരത്തിലെ പല പ്രമുഖരേയും ആര്‍എസ്എസ്. സമീപിച്ചിട്ടുണ്ട്. ക്രൈസ്തവ മത മേലധ്യക്ഷന്മാരേയും കമ്മിറ്റിയിലുള്‍പ്പെടുത്തുന്നതിനും ശ്രമമുണ്ട്. പാര്‍ട്ടിക്കു സാധ്യതയുണ്ടെന്നു വിലയിരുത്തുന്ന പാലക്കാട്ടും തൃശൂരും സമാനരീതിയിലുള്ള പരീക്ഷണം നടത്തും. തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഏറ്റെടുത്ത ആര്‍എസ്എസ് എല്ലാ മണ്ഡലങ്ങളിലും ചുമതലക്കാരെയും ഇതിനോടകം നിയോഗിച്ചു കഴിഞ്ഞു. പുതിയ പരീക്ഷണം വിജയിച്ചാല്‍ പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലും സമാനനീക്കം നടപ്പാക്കും.