കോവളം കൊട്ടാരം കൈമാറ്റം സിബിഐയും കേന്ദ്രവും അന്വേഷിക്കണം: പി.സി. ജോർജ്

ആലപ്പുഴ∙ കോവളം കൊട്ടാരം വിൽക്കാനുള്ള തീരുമാനത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതേക്കുറിച്ചു കേന്ദ്ര അഭ്യന്തരമന്ത്രാലയവും സിബിഐയും അന്വേഷിക്കണമെന്നും പി.സി.ജോർജ് എംഎൽഎ പറഞ്ഞു. വിൽപന തടയേണ്ടതു രാജ്യസുരക്ഷയ്ക്ക് ആവശ്യമായതിനാൽ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.

എല്ലാ രാഷ്ട്രീയ കക്ഷികൾക്കും കൊട്ടാരം വിൽപനയിൽ പങ്കുണ്ട്. രവി പിള്ളയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിൽ സിപിഎം നേതാക്കളുടെ മക്കൾ ജോലി നോക്കുന്നുണ്ട്. സർക്കാർ ഭൂമി തീറെഴുതുന്നതിനെതിരെ ഹൈക്കോടതിയിൽ പോകുമെന്നും പി.സി.ജോർജ് പറഞ്ഞു.

നടൻ ദിലീപ് നിരപരാധി ആണെന്നാണു വിശ്വാസം. പെൺകുട്ടിക്കു നിർഭയയേക്കാൾ ക്രൂരമായ പീഡനം ഏൽക്കേണ്ടിവന്നെന്നാണു പൊലീസ് കോടതിയിൽ പറഞ്ഞത്. പീഡനം അത്ര ക്രൂരമായിരുന്നെങ്കിൽ അടുത്ത ദിവസം തന്നെ നടിക്കു ഷൂട്ടിങ്ങിനു പോകാൻ എങ്ങനെയാണു സാധിക്കുക?

മാധ്യമപ്രവർത്തകരോടു മോശമായി പെരുമാറിയ പിണറായി വിജയന്റെ സമീപനം ശരിയായില്ല. പിണറായി മുഖ്യമന്ത്രി ആയപ്പോൾ നൂറു ശതമാനവും പിന്തുണച്ചയാളാണു ഞാൻ. പക്ഷേ, ഇപ്പോൾ ദു:ഖിക്കുന്നു – പി.സി. ജോർജ് പറഞ്ഞു.