Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന ഹജ് കമ്മിറ്റിയുടെ പ്രവർത്തനം മാത‍ൃക: മുഖ്യമന്ത്രി

Haj-Inauguration നെടുമ്പാശേരിയിൽ സംസ്ഥാന ഹജ് ക്യാംപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി ∙ ഹജ് കർമത്തിനു വിശുദ്ധ ഭൂമിയിലേക്കു യാത്രയാകുന്ന തീർഥാടകരെ സ്വാഗതം ചെയ്ത് ഹജ് ക്യാംപ് ഇവിടെ പ്രവർത്തനമാരംഭിച്ചു. സംസ്ഥാന ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇവിടെനിന്നുള്ള ആദ്യവിമാനം ഇന്നു രാവിലെ ജിദ്ദയിലേക്കു പുറപ്പെടും. മുഖ്യമന്ത്രി പിണറായി വിജയൻ ഹജ് ക്യാംപ് ഉദ്ഘാടനം ചെയ്തു.

ഹജ് തീർഥാടനത്തിനു രാജ്യത്ത് ഏറ്റവുധികം അപേക്ഷകരുള്ളതു കേരളത്തിൽ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, എണ്ണത്തിനനുസരിച്ചു ക്വോട്ട അനുവദിക്കുന്നില്ല. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുകൂല പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Hajj-camp ആലുവ റെയിൽവേ സ്‌റ്റേഷനിലെ ഹജ് ഹെൽപ് ഡെസ്ക് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ സന്ദർശിച്ചപ്പോൾ.

സംസ്ഥാന ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ് ക്യാംപ് മുതൽ തീർഥാടനത്തിന്റെ എല്ലാ ഘട്ടങ്ങളും ചിട്ടയോടെയുള്ള പ്രവർത്തനത്താൽ മാതൃകാപരമായാണു നടക്കുന്നത്. കേന്ദ്ര ഹജ് കമ്മിറ്റിയും സൗദിയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയവും ഈ രീതി പിന്തുടരാൻ മറ്റു സംസ്ഥാനങ്ങളോടു നിർദേശിച്ചതു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തീർഥാടകർക്ക് എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതിനു സർക്കാർ പ്രതിജ്‍ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം മുതൽ ഹജ് സർവീസ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാക്കുന്നതിനു സംസ്ഥാന സർക്കാർ എല്ലാ ശ്രമവും നടത്തുമെന്നു ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഈ വർഷത്തെ സർവീസുകൾ കരിപ്പൂരിൽനിന്നു നടത്തുന്നതിനു പരമാവധി ശ്രമിച്ചെങ്കിലും കേന്ദ്ര വ്യോമയാന വകുപ്പ് ചില സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഉപേക്ഷിക്കുകയായിരുന്നു. 

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രാർഥനയ്ക്കു നേതൃത്വം നൽകി. ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദുകുഞ്ഞ് മൗലവി, കേന്ദ്ര ഹജ് കമ്മിറ്റി കോ ഓർഡിനേറ്റർ ഇ.ടി. മുഹമ്മദ് ബഷീർ, കാന്തപുരം എ.പി. അബുബക്കർ മുസല്യാർ, പ്രഫ. ആലിക്കുട്ടി മുസല്യാർ, എംപിമാരായ ഇന്നസന്റ്, കെ.വി. തോമസ്, എംഎൽഎമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.വി. അബ്ദുൽ ഖാദർ, വി. അബ്ദുറഹിമാൻ, റോജി എം. ജോൺ, പി.ടി.എ. റഹീം, അൻവർ സാദത്ത്, പി.അബ്ദുൽ ഹമീദ്, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. ഹുസൈൻ മടവൂർ, കെ.കെ. അബൂബക്കർ, സി.പി. മുഹമ്മദുകുഞ്ഞ്, കടക്കൽ അബ്ദുൽ അസീസ് മൗലവി, ഹജ് എക്സിക്യൂട്ടീവ് ഓഫിസർ അമിത് മീണ എന്നിവർ പ്രസംഗിച്ചു.

Hajj നെടുമ്പാശേരിയിൽ സംസ്ഥാന ഹജ് ക്യാംപിൽ ബന്ധുവിനെ യാത്ര അയക്കുമ്പോൾ വിതുമ്പുന്ന ഉമ്മ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ.

900 തീർഥാടകർ ഇന്ന് ജിദ്ദയിലേക്ക്

നെടുമ്പാശേരി ∙ സംസ്ഥാന ഹജ് കമ്മിറ്റി വഴിയുള്ള ഹജ് തീർഥാടനത്തിന്റെ പ്രാരംഭദിനമായ ഇന്നു മൂന്നു വിമാനത്തിൽ 900 തീർഥാടകർ ജിദ്ദയിലേക്കു പുറപ്പെടും. രാവിലെ 6.45, 11.30, വൈകിട്ട് 5.15 സമയങ്ങളിലാണു സർവീസുകൾ. ആദ്യവിമാനം മന്ത്രി കെ.ടി. ജലീൽ ഫ്ലാഗ് ഓഫ് ചെയ്യും. ആ വിമാനത്തിൽ 139 വനിതകളും 161 പുരുഷൻമാരും ഉൾപ്പെടെ 300 പേർ യാത്രയാകും. രണ്ടാമത്തെ വിമാനത്തിൽ 133 വനിതകളും 167 പുരുഷൻമാരും ഉണ്ടാകും. മൂന്നാമത്തെ വിമാനത്തിൽ 132 വനിതകളും 168 പുരുഷൻമാരുമാണു യാത്ര തിരിക്കുക. നാളത്തെ ആദ്യവിമാനം രാവിലെ 5.15നും രണ്ടാമത്തേത് 9.45നും മൂന്നാം വിമാനം ഉച്ചയ്ക്ക് 1.45നും പുറപ്പെടും. 

ഈ വർഷം 11,828 തീർഥാടകരാണു ഹജ് കമ്മിറ്റി വഴി ഇവിടെനിന്നു ഹജിനു പുറപ്പെടുന്നത്. 11,425 പേർ കേരളത്തിലും 305 പേർ ലക്ഷദ്വീപിലും 32 പേർ മാഹിയിലും നിന്നുള്ളവരാണ്; 28 പേർ രണ്ടു വയസ്സിൽ താഴെയുള്ളവരും. 

വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഹജ് ക്യാംപിലെ ഹജ് കമ്മിറ്റി ഓഫിസ് ഫോൺ നമ്പറുകൾ: 0484 2611430, 2610433.