തിരുവനന്തപുരം∙ പാരമ്പര്യ ട്രസ്റ്റിമാർ ഭരിക്കുന്ന മലബാറിലെ ക്ഷേത്രങ്ങളുടെ ഭരണം മലബാർ ദേവസ്വം ബോർഡിനെ ഏൽപിക്കണമെന്ന് കെ.ഗോപാലകൃഷ്ണൻ അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിറ്റി ശുപാർശ ചെയ്തു. എന്നാൽ, ആചാരപരമായ ചടങ്ങുകൾ നിർവഹിക്കുന്നതിനു പാരമ്പര്യ ട്രസ്റ്റിമാർക്കുള്ള അവകാശം നിലനിർത്തും. റിപ്പോർട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനു കൈമാറി. ഇനി മുതൽ, നിയമനങ്ങൾ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വഴിയാക്കാനും അച്ചടക്ക നടപടികൾക്കുള്ള അധികാരം ദേവസ്വം ബോർഡിൽ നിക്ഷിപ്തമാക്കാനുമാണു പുതിയ ശുപാർശ.
ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണവും ക്ഷേത്രവസ്തുവകകളും നിയമനങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതികൾക്കിടെയാണു നിയമപരിഷ്കരണ കമ്മിറ്റിയുടെ ശുപാർശ. ക്ഷേത്രങ്ങളുടെ ദൈനംദിന ചടങ്ങുകൾ, ഉൽസവങ്ങൾ, അറ്റകുറ്റപ്പണികൾ, നിർമാണ പ്രവൃത്തികൾ എന്നിവയുടെ അധികാരം ബോർഡിന്റെ ഉത്തരവാദിത്തത്തിലാകണമെന്നു റിപ്പോർട്ടിൽ നിർദേശിക്കുന്നു. ക്ഷേത്രജീവനക്കാർക്കു പെൻഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയ സർവീസ് ആനുകൂല്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള അധികാരവും ബോർഡിനായിരിക്കണമെന്നാണു നിർദേശം.
ക്ഷേത്രങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണം തീരുമാനിക്കുന്നതും നിയമിക്കുന്നതും ബോർഡായിരിക്കും. വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടിലെ ശുപാർശകൾ പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
Advertisement