Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവസ്വം നിയമനങ്ങളിൽ 10% മുന്നാക്കക്കാരിലെ നിർധനർക്ക്

തിരുവനന്തപുരം∙ അഞ്ചു ദേവസ്വം ബോർഡുകളിലെയും നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% സംവരണം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. ഇതിനായി കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് ചട്ടങ്ങളിൽ ഉടൻ ഭേദഗതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്കു രാജ്യത്ത് ആദ്യമായാണു സംവരണം. പട്ടിക വിഭാഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം വേണമെന്നാണു സർക്കാരിന്റെ നയം. ഇടതുമുന്നണിയും ഇതേ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ട്. എല്ലാ സർക്കാർ വകുപ്പുകളിലും ഇതു നടപ്പാക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. അതിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തും. ഭരണഘടനാ ഭേദഗതിയില്ലാതെ നടപ്പാക്കാൻ പറ്റുന്ന മേഖല എന്ന നിലയിലാണു ദേവസ്വം ബോർഡിൽ തുടക്കം കുറിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ സംവരണം അട്ടിമറിക്കാതെ മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്കു സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ചു സംവരണം നൽകുന്നതിനു ഭരണഘടനാ ഭേദഗതി വേണമെന്ന ആവശ്യം സിപിഎം നേരത്തെ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും ബിജെപിയും കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ അതിനെ അനുകൂലിക്കാൻ തയാറായിട്ടില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണു ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ 10% സാമ്പത്തിക സംവരണം എന്ന ഐതിഹാസിക തീരുമാനം സർക്കാർ കൈക്കൊണ്ടതെന്നും അദ്ദേഹം അറിയിച്ചു.

സംവരണ ശതമാനം ഉയർത്തി

ദേവസ്വം നിയമനങ്ങളിൽ മറ്റു വിഭാഗങ്ങൾക്കുള്ള സംവരണ ശതമാനവും ഉയർത്തി. ഈഴവ സംവരണം 14 ശതമാനത്തിൽനിന്ന് 17 ആക്കി. പട്ടികവിഭാഗ സംവരണം 10 ശതമാനത്തിൽനിന്ന് 12 ആകും. ഈഴവ ഒഴികെയുള്ള ഒബിസി സംവരണം മൂന്നു ശതമാനത്തിൽ നിന്ന് ആറ് ആക്കി. ദേവസ്വം ബോർഡ് നിയമനങ്ങളിൽ അഹിന്ദുക്കളെ പരിഗണിക്കാറില്ല. സർക്കാർ സർവീസിൽ മുസ്‍ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കു 18% സംവരണമുണ്ട്. ദേവസ്വം ബോർഡിൽ ഈ സംവരണം കൂടി ഹിന്ദുക്കളിലെ പൊതു വിഭാഗത്തിനാണ്. ഈ 18 ശതമാനത്തിൽ നിന്നു 10% തസ്തികകളാണു മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വയ്ക്കുന്നത്. 

related stories