ശബരിമല∙ മകരസംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താൻ കൊണ്ടുവരുന്ന തിരുവാഭരണം മടക്കി കിട്ടുന്നതിൽ പന്തളം കൊട്ടാരത്തിന് ആശങ്ക. തിരിച്ചേൽപ്പിക്കുമെന്നു ദേവസ്വം ബോർഡിൽ നിന്നു കൊട്ടാരം ഉറപ്പുവാങ്ങി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ തിരുവാഭരണം തിരിച്ചുനൽകാതിരിക്കാൻ ദേവസ്വം ബോർഡും സർക്കാരും ശ്രമിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നതിനാലാണ് പന്തളം കൊട്ടാരം ആശങ്ക ദേവസ്വം ബോർസിനെ അറിയിച്ചത്.
ഇതേത്തുടർന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അധ്യക്ഷൻ പി.ആർ.രാമൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, കമ്മിഷണർ എൻ.വാസു, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നാരായണൻ എന്നിവർ കൊട്ടാരത്തിൽ എത്തി കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാരവർമ, സെക്രട്ടറി നാരായണവർമ എന്നിവരുമായി ചർച്ച നടത്തി. തിരുവാഭരണങ്ങൾ അതുപോലെ തിരിച്ചേൽപ്പിക്കുമെന്നു രേഖാമൂലം ഉറപ്പു നൽകണമെന്നു ശശികുമാരവർമ ആവശ്യപ്പെട്ടു.
തിരുവാഭരണത്തിന്റെ പട്ടിക തയാറാക്കിയാണ് സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങുന്നതെന്നും അതുപോലെ തിരിച്ചു നൽകുമെന്നും ദേവസ്വം കമ്മിഷണർ ഉറപ്പു നൽകി.
രേഖാമൂലം വേണമെന്ന് അവശ്യപ്പെട്ടപ്പോൾ യോഗത്തിന്റെ മിനിറ്റ്സിൽ ഉൾപ്പെടുത്താമെന്ന ഉറപ്പും നൽകി. തിരുവാഭരണ ഘോഷയാത്രയ്ക്ക് വിപുലമായ സുരക്ഷ ഒരുക്കുമെന്നു ജില്ലാ പൊലീസ് മേധാവിയും ഉറപ്പുനൽകി. പുറത്ത് ആരെയും അറിയിക്കാതെ രഹസ്യമായാണ് ദേവസ്വം ബോർഡ് ചർച്ചക്ക് എത്തിയത്. മാധ്യമങ്ങൾ വിവരങ്ങൾ അറിയാതെ രഹസ്യമാക്കണമെന്നും ദേവസ്വം ബോർഡ് നിർദേശിച്ചിരുന്നു. അതിനാൽ കൊട്ടാരത്തിൽ നിന്നും സൂചനകൾ നൽകിയില്ല. ശനിയാഴ്ച വൈകിട്ട് ചർച്ചകൾക്ക് ഇവർ എത്തിയ ശേഷമാണ് വിശ്വാസികൾ അറിയുന്നത്.