‘ശശിയേട്ടൻ ഭരണിയിലാണ്’ – നാടോടിക്കാറ്റിൽ സീമ ശ്രീനിവാസനോടു പറയുന്ന പ്രശസ്തമായ ഡയലോഗാണിത് (ഭരണിയെന്നാൽ ചെന്നൈയിലെ പ്രശസ്തമായ സ്റ്റുഡിയോ). മലയാളിയെ ഏറെ ചിരിപ്പിച്ച സംഭാഷണം. കോളിങ് ബെൽ കേട്ടു സീമ വാതിൽ തുറക്കുമ്പോൾ മുന്നിൽ സിനിമയിൽ അഭിനയിക്കാനുള്ള മോഹത്തോടെ ചെന്നൈയിൽ എത്തി സീമയെ നേരിൽക്കണ്ട അന്ധാളിപ്പിൽ നിൽക്കുന്ന ശ്രീനിവാസൻ. പശ്ചാത്തലത്തിൽ അവളുടെ രാവുകളിലെ പ്രിയപ്പെട്ട ഗാനം ‘രാഗേന്ദുകിരണങ്ങൾ ഒളിവീശിയില്ല...’
ആ സിനിമയിൽ ഐവി ശശിയും സംവിധായകനായിത്തന്നെ അഭിനയിക്കുന്നുമുണ്ട്. സീമയും ശശിയുമായിത്തന്നെ ഇരുവരും അഭിനയിച്ച ഏകചിത്രമാണിത്. ഒരു വർഷം പത്തു സിനിമകൾവരെ ചെയ്ത് സെറ്റിൽനിന്നു സെറ്റിലേക്കോടുന്ന കാലം ഐ.വി.ശശിക്ക് ഉണ്ടായിരുന്നു.
തന്റെ പ്രിയപ്പെട്ട നടി ആരെന്ന ചോദ്യത്തിനു ശശി എന്നും നൽകിയ മറുപടി സീമ എന്നായിരുന്നു. മുപ്പതു സിനിമകളിൽ സീമ ശശിയുടെ നായികയായി. കോടമ്പക്കത്തെ പൂക്കാരൻതെരുവിൽ അമ്മയ്ക്കൊപ്പം ജീവിച്ച ജൂനിയർ ആർട്ടിസ്റ്റും സിനിമയിലെ ഗ്രൂപ്പ് നർത്തകിയുമായ ശാന്തിയെ തെന്നിന്ത്യൻ സിനിമ അറിയുന്ന സീമയാക്കി മാറ്റിയത് ഐ.വി.ശശിയാണ്. 1978ൽ അവളുടെ രാവുകൾ റിലീസായശേഷം സീമയ്ക്കു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
പിന്നീടു ഞാൻ മേഘങ്ങളിലൂടെയാണു യാത്ര ചെയ്തതെന്നാണ് സീമ അതേക്കുറിച്ചു പറഞ്ഞിട്ടുള്ളത്. കമൽഹാസനുമൊത്തുള്ള ‘ഈറ്റ’ സീമയെ വലിയ താരമാക്കി. ഈറ്റയിലെ തുള്ളിക്കൊരുകുടം പേമാരി എന്ന പാട്ടുസീൻ കണ്ടപ്പോൾ ഇത്രയും സുന്ദരിയായി നിന്നെ ഞാൻ കണ്ടിട്ടില്ല എന്നായിരുന്നു ശശിയുടെ കോംപ്ലിമെന്റ്. സോളമൻ സോഫിയയ്ക്കു നൽകിയതുപോലെ, ആ സെറ്റിൽ ശശി സീമയ്ക്കു തന്റെ പ്രണയവും സമ്മാനിച്ചു.