Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കൊരാൾ

Location ഐ.വി. ശശി ഷൂട്ടിങ് സെറ്റില്‍. (ചിത്രാ കൃഷ്ണന്‍കുട്ടിയുടെ ശേഖരത്തില്‍ നിന്ന്).

‘മൃഗയ’യുടെ കഥ പറയാൻ ലോഹിതദാസ് വരുമ്പോൾ തിരക്കിട്ട ഷൂട്ടിലായിരുന്നു ശശി. സമയക്കുറവുണ്ട്. ഒറ്റവാക്കിൽ കഥ ചുരുക്കിപ്പറയണം എന്നായിരുന്നു ശശിയുടെ നിർദേശം. ലോഹിതദാസ് പറഞ്ഞു: ഒരു ഗ്രാമം. കാടിനടുത്താണ്. അവിടെ പുലി ഇറങ്ങി ശല്യമാണ്. അതിനെ വെടിവയ്ക്കാൻ ഒരാൾ വരുന്നു. അയാൾ പിന്നെ പുലിയെക്കാൾ വലിയ ശല്യമായി മാറുന്നു.’ ശശി പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞു: ‘അയാൾ പിന്നെ പുലിയെക്കാൾ വലിയ ശല്യമായി മാറുന്നു’ എന്ന ഒരൊറ്റ വാചകത്തിന്റെ ബലത്തിലാണു മൃഗയ ചെയ്യുന്നതെന്ന്. കാരണം അതിൽ ആ സിനിമ മുഴുവനുമുണ്ടായിരുന്നു. ആൾക്കൂട്ടസിനിമകളുടെ ആരവങ്ങളുടെ നടുവിൽനിന്നു ജീവിതത്തിലേക്ക് ഉന്നംപിടിച്ച സിനിമകളാണ് ഐ.വി.ശശി ചെയ്തതിലേറെയും. തിരക്കഥയുടെ മർമമറിയാൻ ശശിക്കു മിഴിച്ചെപ്പിലൊതുങ്ങുന്ന കഥയുടെ കനൽച്ചൂടു മാത്രം മതിയായിരുന്നു.

ആഖ്യാനങ്ങളിൽ മാത്രമല്ല, പ്രമേയങ്ങളുടെ തിരഞ്ഞെടുപ്പുകളിലും പുതുപാത വെട്ടിത്തുറന്നു ഐ.വി.ശശി. ആരും പറയാൻ മടിക്കുന്ന പ്രമേയങ്ങൾ ധീരമായി തിരഞ്ഞെടുത്തു. പ്രേംനസീർ നായകനായി മിന്നിനിൽക്കുമ്പോൾ ഉമ്മറിനെ നായകനാക്കി ശശി തന്റെ ആദ്യചിത്രമായ ‘ഉൽസവം’ സ്ക്രീനിലെത്തിച്ചത് 1975ൽ. മുട്ടോളമുള്ള ഷർട്ടുമാത്രമിട്ട് ‘അവളുടെ രാവുകളിലെ’ നായിക തീക്കണ്ണുകളുഴിഞ്ഞു മലയാളിയുടെ കപടസദാചാരത്തെ നോക്കിച്ചിരിച്ചപ്പോൾ ഐ.വി.ശശി എന്ന സംവിധായകൻ സാന്നിധ്യമറിയിച്ചു. അവളുടെ രാവുകൾ ഉൾപ്പെടെ 30 സിനിമകളിൽ തന്റെ നായികയായ സീമ പിന്നീട് അദ്ദേഹത്തിന്റെ ജീവിതസഖിയുമായി.

റോസ് പൗഡറിട്ട  നായകൻമാരുടെയും പുട്ടപ്പും ലിപ്സ്റ്റിക്കുമിട്ട നായികമാരുടെയും  മെലോഡ്രാമകൾ നിറഞ്ഞ മുഖ്യധാരാ സിനിമാക്കഥകളെ ശശി വെട്ടിത്തിരുത്തി. വിയർപ്പിന്റെ മണമുള്ള സിനിമകളിൽ‍ മുക്കുവനും വേട്ടക്കാരനും ചുമട്ടുതൊഴിലാളിയും ഈറ്റവെട്ടുകാരനുമെല്ലാം നായക കിരീടമണിഞ്ഞു.മലയാള സിനിമയെ ‘ഇതാ ഇവിടെ വരെ’ എത്തിച്ച് ഐ.വി.ശശി മടങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതോളം ചിത്രങ്ങളൊരുക്കുകയും അവയിലേറെയും സൂപ്പർഹിറ്റാക്കുകയും ചെയ്‌ത ഖ്യാതി മലയാളത്തിൽ മറ്റാർക്കും അവകാശപ്പെടാനില്ല.  

ഒരിക്കലും ഐ.വി.ശശി ഒരേ പാതയിൽ സഞ്ചരിച്ചില്ല. വിജയ ഫോർമുലകളെ അദ്ദേഹം നിരന്തരം മാറ്റിയെഴുതി. രാഷ്ട്രീയവും പ്രണയവും കലഹവും നിറഞ്ഞ കഥകളിലൂടെ ശശി മലയാള സിനിമയിൽ ഉറപ്പിച്ച ആരൂഢം അങ്ങനെയൊന്നും ആർക്കും ഇളക്കാനാവില്ല. രജനീകാന്തിനെയും കമൽഹാസനെയും ഒരുമിച്ചു മലയാള സിനിമയിൽ അവതരിപ്പിച്ചതും (അലാവുദ്ദീനും അദ്ഭുതവിളക്കും) മമ്മൂട്ടിയെ ആദ്യം നായകനാക്കിയതും (തൃഷ്‌ണ) മമ്മൂട്ടിക്കൊപ്പം മോഹൻലാലിനു നായകപദവി ആദ്യം നൽകിയതും (ഇനിയെങ്കിലും) ഐ.വി.ശശിയാണ്. തമിഴിൽ കമൽഹാസനും (ഗുരു) രജനീകാന്തിനും (കാളി) വഴിത്തിരിവായ സിനിമകൾ സംവിധാനം ചെയ്‌തതും ഐ.വി.ശശി തന്നെ. ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായി ഒരു സംവിധായകൻ അമേരിക്കയിൽ സിനിമ ചിത്രീകരിച്ചതിന്റെ (ഏഴാംകടലിനക്കരെ) ക്രെഡിറ്റും ഈ കോഴിക്കോട്ടുകാരനു തന്നെ. മലയാളത്തിലെ പ്രതിഭാധനരായ തിരക്കഥാകൃത്തുക്കൾക്കൊപ്പം കൈകോർത്തപ്പോഴെല്ലാം ശശി മാസ് പടങ്ങൾ സൃഷ്ടിച്ചു. എം.ടി.വാസുദേവൻനായർ, പി.പത്മരാജൻ, ടി.ദാമോദരൻ, ലോഹിതദാസ്, ജോൺപോൾ, രഞ്‌ജിത്ത് എന്നിവർക്കൊപ്പമെല്ലാം ചേർന്നപ്പോൾ ശശിയുടെ സിനിമകൾ അനുഭൂതികളായി; പ്രേക്ഷകർ അനുരാഗികളായി.സിനിമയ്ക്കു പേരിടുമ്പോൾ ‘അ’ ‘ഇ’ അക്ഷരങ്ങളോടു ശശി പ്രണയത്തിലായി. ‘അ’യിലും ‘ഇ’യിലും തുടങ്ങിയാ‍ൽ സിനിമ ഹിറ്റാകുമെന്നു ശശി വിശ്വസിച്ചു.അനുഭവം, ഇതാ ഇവിടെ വരെ, അവളുടെ രാവുകൾ, അങ്ങാടി, കരിമ്പന, ഈനാട്, ഇണ, സിന്ദൂരസന്ധ്യയ്ക്കു മൗനം, ആരൂഢം, നാണയം, ആൾക്കൂട്ടത്തിൽ തനിയെ, കാണാമറയത്ത്, കരിമ്പിൻ പൂവിനക്കരെ, വാർത്ത, ആവനാഴി, അടിമകൾ ഉടമകൾ, നാൽക്കവല, 1921, മുക്തി, മൃഗയ, ഇൻസ്പെക്ടർ ബൽറാം, ദേവാസുരം, വർണപ്പകിട്ട് തുടങ്ങി അനവധി ചിത്രങ്ങളിലൂടെ െഎ.വി.ശശി എന്ന സംവിധാന പ്രതിഭ ചിരപ്രതിഷ്ഠ നേടി. ആലപ്പി ഷെരീഫിനൊപ്പം മാത്രം 23 ചിത്രങ്ങൾ സംവിധാനം ചെയ്തു.

സംവിധായകൻ എന്ന സൂപ്പർസ്റ്റാർ

തിരശ്ശീലയിൽ സംവിധായകന്റെ പേരിനു കയ്യടി കിട്ടിത്തുടങ്ങിയത് ഐ.വി.ശശിയുടെ ചിത്രങ്ങളിലൂടെയാണ്. 

ശശിയുടെ സിനിമകളിലൂടെ യുവതാരങ്ങൾ താരപദവിയിലെത്തി. ശരപഞ്ജരം എന്ന ചിത്രത്തിലെ ശ്രദ്ധേയവേഷത്തിനു ശേഷമാണു ജയനെ നായകനാക്കി അങ്ങാടി എന്ന സൂപ്പർഹിറ്റ് ഒരുക്കിയത്. തുടർന്നു തുഷാരത്തിന്റെ വിജയം രതീഷിനെ നായകനിരയിലേക്ക് ഉയർത്തി. സോമൻ, ലാലു അലക്സ്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ അഭിനയജീവിതത്തിലെ നിർണായക കഥാപാത്രങ്ങൾക്കും ശശി ചിത്രങ്ങൾ അവസരമൊരുക്കി. 

തൃഷ്‌ണയിൽ നായകനായ മമ്മൂട്ടി വാർത്ത, ആവനാഴി, അടിമകൾ ഉടമകൾ, ആൾക്കൂട്ടത്തിൽ തനിയെ, ഇൻസ്പെക്ടർ ബൽറാം തുടങ്ങിയ അനവധി ചിത്രങ്ങളിൽ വിവിധ വേഷങ്ങളിൽ തിളങ്ങി. ശശി മമ്മൂട്ടിക്കു നൽകിയ ചൂടും ചൂരുമുള്ള പൊലീസ് കഥാപാത്രങ്ങളിൽ നിന്നാണു ദക്ഷിണേന്ത്യൻ സിനിമയിലെ പൊലീസ് രാജ് തന്നെ തുടങ്ങുന്നത്.

ഉയരങ്ങളിൽ എന്ന സിനിമയിലെ പ്രതിനായക സ്വഭാവമുള്ള നായകവേഷം മോഹൻലാലിന്റെ അഭിനയജീവിതത്തിൽ നിർണായക പ്രാധാന്യമുള്ളതാണ്. ദേവാസുരത്തിലെ ലാലിന്റെ മംഗലശേരി നീലകണ്ഠൻ മലയാളിയുടെ ദൃശ്യാനുഭവങ്ങൾക്കു നടുവിൽ മുണ്ടും മടക്കിക്കുത്തി നിൽക്കുകയാണിന്നും. 

ദേവാസുരത്തിനു ശേഷം വലിയ ഹിറ്റുകൾ ശശിയെത്തേടിയെത്തിയില്ല. 2009ൽ ചെയ്ത വെള്ളത്തൂവലാണ് ഒടുവിൽ ചെയ്ത ചിത്രം. എങ്കിലും പുതിയ കഥകളും ചർച്ചകളുമായി ശശി സിനിമയുടെ സ്വപ്നലോകത്തു ജീവിച്ചു. ഇറാഖിന്റെ കുവൈത്ത് അധിനിവേശ കഥപറയുന്ന ചിത്രത്തിന്റെ അണിയറ ജോലികളിലും മുഴുകിയിരുന്നു.

താരബാഹുല്യമുള്ള സിനിമയെടുത്തതു കൊണ്ടാണ് ഐ.വി.ശശി സിനിമാസ്കോപ്പുകൾ ചെയ്തതെന്നു പണ്ടൊരു തമാശയുണ്ടായിരുന്നു. എല്ലാവരെയും സ്ക്രീനിൽ ഉൾക്കൊള്ളിക്കണമല്ലോ. ആൾക്കൂട്ടവും ബഹളങ്ങളുമെല്ലാം സിനിമയിലേ ഉള്ളൂ. ജീവിതത്തിൽ ശാന്തനും സൗമ്യനുമായേ ശശി സംസാരിക്കൂ. ചെവി വട്ടംപിടിച്ചാലേ അടുത്തിരിക്കുന്നവർക്കുപോലും ശശി പറയുന്നതു കേൾക്കാനാകൂ.

 മുന്നോട്ട് അൽപം ചരിഞ്ഞ പോളോ ക്യാപ് ധരിച്ചേ ശശിയെ എപ്പോഴും കണ്ടിട്ടുള്ളൂ. അതാണ് ഐ.വി.ശശിയുടെ ട്രേഡ് മാർക്ക്. മരണത്തിലും തന്റെ പ്രിയപ്പെട്ട തൊപ്പിയണിഞ്ഞാണു ശശി കിടന്നത്. പ്രേക്ഷകരുടെ ഒരുപാടു സല്യൂട്ടുകൾ വാങ്ങിയ തൊപ്പി