കോഴിക്കോട്∙ ഇന്നലെ കാലം ചെയ്ത സഖറിയ മാർ തെയോഫിലോസ് മെത്രപ്പൊലീത്തയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും സഭ ഏറ്റെടുത്തു നടത്തുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. ശക്തമായ നിലപാടുകളും വിശ്വാസ ആചാരങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും ജീവിതവ്രതമാക്കിയ മേൽപ്പട്ടക്കാരനെയാണു തെയോഫിലോസ് തിരുമേനിയുടെ വേർപാടിലൂടെ സഭയ്ക്കും സമൂഹത്തിനും നഷ്ടപ്പെട്ടത്. ജീവകാരുണ്യ പ്രവർത്തനത്തിനായിരുന്നു അദ്ദേഹം എന്നും പ്രാധാന്യം നൽകിയിരുന്നത്. ജാതി മത ഭേദമെന്യെ ഏവരെയും സഹായിക്കാനുള്ള ആന്തരികദാഹം അദ്ദേഹത്തെ നയിച്ചു. മാനവസേവ മാധവ സേവയാണെന്നു പറയും പോലെയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളെ കണ്ടത്.
സഭയുടെ വിദ്യാർഥി പ്രസ്ഥാനമായ എംജിഒ സിഎസ്എമ്മിലൂടെ യുവാക്കളുടെ ഹരമായി അദ്ദേഹം നാലു പതിറ്റാണ്ട് പ്രവർത്തിച്ചു. യുവതലമുറയെ ദൈവിക നന്മയിൽ നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം വേർപാട് തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ജീവിതം സഭ സന്ദേശമായി കാണുകയാണ്. എംജിഒ സിഎസ്എം പ്രവർത്തനങ്ങളുടെ ഭാഗമായി തെയോഫിലോസ് തിരുമേനിയുമായി ഒന്നിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ അവസരമായും ഞാൻ കാണുകയാണ്– അദ്ദേഹം പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് സഭാ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിന്റെ നിര്യാണത്തിൽ ബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് അനുശോചിച്ചു. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കായി തന്റെ ജീവിതം മാറ്റിവച്ച നല്ല ഇടയനായിരുന്നു വന്ദ്യ പിതാവെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. സഖറിയ മാർ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ മന്ത്രി മാത്യു ടി. തോമസ്, കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി, വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത,ഡോ. തോമസ് മാർ തീത്തോസ് പറഞ്ഞു.
മലങ്കര കത്തോലിക്കാ സഭ തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, യൂയാക്കിം മാർ കൂറിലോസ്, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുനക്കര, ഓർത്തഡോക്സ് വൈദിക സംഘം ഭാരവാഹികളായ ഫാ. സജി അമയിൽ, ഫാ. ചെറിയാൻ സാമുവൽ എന്നിവർ അനുശോചിച്ചു.