Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണാമവുമായി ആയിരങ്ങൾ; ഐ.വി.ശശി ഓർമയായി

iv-sasi ഇനി ഉയരങ്ങളിൽ: പേരക്കുട്ടി ആരവിന് ഐ.വി. ശശിയെ കാണിച്ചുകൊടുക്കുന്ന സീമ. മക്കളായ അനു, അനി എന്നിവർ സമീപം. പേരക്കുട്ടിയെയും മകളെയും കാണാനായി ഓസ്ട്രേലിയയിലേക്ക് യാത്രതിരിക്കാൻ നിശ്ചയിച്ചിരുന്ന ദിവസമായിരുന്നു ഐ.വി. ശശിയുടെ മരണം. ചിത്രം: വിബി ജോബ്

ചെന്നൈ ∙ സിനിമയെ ആൾക്കൂട്ടത്തിന്റെ ഉൽസവമാക്കിയ സംവിധായകൻ ഐ.വി.ശശി ഇനി ആരാധക ലക്ഷങ്ങളുടെ ഓർമത്തിരയിൽ. കഴിഞ്ഞ ദിവസം അന്തരിച്ച ഐ.വി.ശശിക്കു സിനി മാ പ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും ചേർന്നു വികാരനിർഭരമായ യാത്രയയപ്പു നൽകി. ഇന്നലെ സാലിഗ്രാമിലെ വസതിയിൽ പൊതുദർശനത്തിനു വച്ച പ്രിയപ്പെട്ട ഹിറ്റ് മേക്കർക്ക് ആദാരഞ്ജലി അർപ്പിക്കാൻ സിനിമാ മേഖലയിലെ പ്രമുഖരെത്തി. വൈകിട്ട് അഞ്ചിനു പൊരൂർ വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം. ഓസ്ട്രേലിയയിലായിരുന്ന മകൾ അനുവും ഭർത്താവ് മിലൻ നായരും പേരക്കുട്ടി ആരവും ഉച്ചയ്ക്കു പന്ത്രണ്ടോടെ എത്തി. വൈകിട്ടു നാലിനു വീട്ടിൽനിന്നു മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുറപ്പെട്ടു. മകൻ അനി ചിതയ്ക്കു തീ കൊളുത്തി.

അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാരംഗത്തെ പ്രമുഖർ ഇന്നലെയും ഒഴുകിയെത്തി. നടൻമാരായ മമ്മൂട്ടി, സുരേഷ് ഗോപി എംപി, റഹ്മാൻ, അശോകൻ, പ്രതാപ് പോത്തൻ, വിനീത്, സിദ്ദീഖ്, വിജയകുമാർ, റിയാസ് ഖാൻ, നടിമാരായ മേനക, ഖുശ്ബു, രേവതി, അംബിക, ഷീല, ചിത്ര, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായികമാരായ ചിത്ര, സുജാത, സംവിധായകരായ ഹരിഹരൻ, സിബി മലയിൽ, പ്രിയദർശൻ, കമൽ, രഞ്ജിത്, വി.എം.വിനു, ലെനിൻ രാജേന്ദ്രൻ, എം.പത്മകുമാർ, ഛായാഗ്രാഹകൻ മധു അമ്പാട്ട്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, നിർമാതാക്കളായ ലിബർട്ടി ബഷീർ, പി.വി.ഗംഗാധരൻ, സുരേഷ് കുമാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.