ഐഒസി സമരം എട്ടാംദിവസം; ഇന്ധനക്ഷാമം രൂക്ഷം

ഇരുമ്പനം (കൊച്ചി) ∙ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ഇരുമ്പനം പ്ലാന്റിൽ എട്ടു ദിവസമായി തുടരുന്ന ടാങ്കർലോറി സമരംമൂലം ഇന്ധനക്ഷാമം രൂക്ഷമായി. സംസ്ഥാനത്തെ എട്ടു ജില്ലകളെയാണു സമരം ബാധിച്ചിട്ടുള്ളത്. അടിയന്തരമായി ഇന്ധനം ആവശ്യമുള്ള നേവി, എയർപോർട്ട്, കെഎസ്ആർടിസി എന്നിവിടങ്ങളിലേക്കു പൊലീസ് സംരക്ഷണത്തോടെ ഇന്ധനം എത്തിച്ചതായി ഐഒസി അധികൃതർ അറിയിച്ചു. കൂടാതെ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംരക്ഷണത്തിൽ മറ്റു ജില്ലകളിലേക്കും ഇന്ധന വിതരണം വ്യാപിപ്പിച്ചിട്ടുണ്ട്. 

ഡ്രൈവർമാരുടെ സമരംമൂലം സംസ്ഥാനത്തെ എട്ടു ജില്ലയിലെ ഐഒസിയുടെ ഇന്ധന പമ്പുകൾ കാലിയായി.

ഇന്ധന നീക്കത്തിന് ഐഒസിക്കു വേണ്ടി കരാർ അടിസ്ഥാനത്തിലോടുന്ന ടാങ്കറുകളെ ആശ്രയിക്കുന്ന പമ്പ് ഉടമകളാണു പ്രതിസന്ധിയിലായത്. എറണാകുളത്തിനു പുറമേ പാലക്കാട്, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലേക്കാണ് ഇരുമ്പനം പ്ലാന്റിൽനിന്ന് ഐഒസി ഇന്ധനം നൽകുന്നത്. ഇതിനായി അഞ്ഞൂറോളം ലോറികൾക്കു കരാറുണ്ട്.

ലോറികൾക്ക് ആവശ്യമായ ട്രിപ്പുകൾ ലഭിക്കുന്നില്ല എന്നതാണു സമരക്കാരുടെ പ്രധാന പരാതി. പെട്രോൾ പമ്പ് ഡീലർമാരുടെ കൺസോർഷ്യവുമായുള്ള കരാർ റദ്ദാക്കുക, ട്രാൻസ്‌പോർട്ടേഷൻ നിരക്കുകൾ വർധിപ്പിക്കുക എന്നിവയാണു മറ്റ് ആവശ്യങ്ങൾ. ഡ്രൈവർമാരുടെ ബോണസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐഒസിയിലെ 40 ശതമാനം ടാങ്കർ ലോറി ഡ്രൈവർമാരും സമരത്തിലാണ്. കരാർ ടാങ്കറുകളെ മാത്രം ആശ്രയിച്ച് ഇന്ധനനീക്കം നടത്തുന്ന മിക്ക പമ്പുകളും അടച്ചിട്ടിരിക്കുകയാണ്. കരാറുകാർ ഇന്ധന വിതരണം നടത്തുന്ന സപ്ലൈകോ പമ്പുകളെയും സമരം ബാധിച്ചു.