Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്പലം വിഴുങ്ങികളെ നേരിടുന്നതിൽ വിട്ടുവീഴ്ചയില്ല’

തിരുവനന്തപുരം∙ അമ്പലം വിഴുങ്ങാൻ സർക്കാരില്ലെന്നും എന്നാൽ, അമ്പലം വിഴുങ്ങികളെ നേരിടുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ്. ഗുരുവായൂരിലെ പാർഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടാണു വിശദീകരണം. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണു പാർഥസാരഥി ക്ഷേത്രം സർക്കാർ ഏറ്റെടുത്തെന്ന പ്രചാരണം. ഏറ്റെടുത്തതു സർക്കാരല്ല, മലബാർ ദേവസ്വം ബോർഡാണ്. കോടതി വിധി നടപ്പാക്കുകയേ ബോർഡ് ചെയ്തിട്ടുള്ളൂ.

മദ്രാസ് ഹിന്ദു ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ടിന്റെ കീഴിലായിരുന്നു ​ക്ഷേത്രത്തിന്റെ നടത്തിപ്പ്. പ്രത്യേക സമിതിക്കായിരുന്നു ചുമതല. എന്നാൽ, സമിതിയുടെ അഴിമതി സംബന്ധിച്ചു പരാതി ഉയർന്നു. പരാതി വന്നാൽ ക്ഷേത്രത്തെ പൊതുസ്ഥാപനമാക്കി പ്രഖ്യാപിക്കാൻ അധികാരമുണ്ട്. 2010ൽ ആണു ക്ഷേത്രം സംബന്ധിച്ച പരാതി ഹൈക്കോടതിയിൽ വന്നത്. ഹൈക്കോടതി വിധിയിൽ, ക്ഷേത്രം ഏറ്റെടുക്കുന്നതിനു മലബാർ ദേവസ്വം ആക്ടിലെ 57(എ) പ്രകാരം അപേക്ഷ നൽകാൻ ഭക്തരോടു നിർദേശിച്ചു. ഭക്തജന പ്രതിനിധികളുടെ അപേക്ഷയിലാണു ദേവസ്വം കമ്മിഷണർ 2016 മേയ് 23നു ക്ഷേത്രം പൊതുക്ഷേത്രമായി പ്രഖ്യാപിച്ചത്. ട്രസ്റ്റിയെ നിയമിക്കുകയും ചെയ്തു.

ഇതിനെതിരായ പരാതിക്കുമേൽ ഹൈക്കോടതി ആദ്യം സ്‌റ്റേ അനുവദിച്ചെങ്കിലും തുടർന്ന് പൊതുക്ഷേത്രമായി അംഗീകരിച്ചതു ശരിവച്ചു. ഏപ്രിൽ 26നു ക്ഷേത്രത്തിൽ എക്‌സിക്യൂട്ടീവ് ഓഫിസറെ നിയമിച്ചു. ഈ ഘട്ടത്തിലാണു രക്ഷാസമിതിക്കാർ എന്ന മറവിൽ ചിലർ ക്ഷേത്രം കയ്യേറിയത്. ഒക്‌ടോബർ 21നു പൊലീസ് സഹായത്തോടെ ദേവസ്വം ജീവനക്കാർ കോടതിവിധി നടപ്പാക്കിയെടുക്കാൻ ചെന്നെങ്കിലും ക്ഷേത്രവാതിൽ അടച്ചുപൂട്ടി ആർഎസ്എസ് പ്രവർത്തകർ തടസ്സം സൃഷ്ടിച്ചു.

തുടർന്നു ദേവസ്വംബോർഡ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി അനുവദിച്ചു നവംബർ ഒന്നിനു ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് സമാധാനപൂർവം പൊലീസ് സാന്നിധ്യത്തിൽ നടപ്പാക്കിയതിനെയാണു ക്ഷേത്രം പിടിച്ചെടുക്കലായി വ്യാഖ്യാനിക്കുന്നതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.