ഗുരുവായൂർ ∙ കേരളത്തിൽ ക്ഷേത്രപ്രവേശനത്തിനായി കെ.കേളപ്പന്റെയും എകെജിയുടെയും നേതൃത്വത്തിൽ നടന്ന ക്ഷേത്രപ്രവേശന സത്യഗ്രഹസമരത്തിന്റെ മാതൃകയിൽ രണ്ടാം ക്ഷേത്രപ്രവേശന സമരം തുടങ്ങുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. ഇതു ക്ഷേത്രഭരണ പ്രവേശനത്തിനുള്ള സമരമായിരിക്കും.
ഹൈന്ദവ ക്ഷേത്രങ്ങൾ സർക്കാർ പിടിച്ചെടുക്കുകയാണ്. അഴിമതിയുണ്ടെന്നു പറഞ്ഞാണു പാർഥസാരഥി ക്ഷേത്രം പിടിച്ചത്. എന്നാൽ, ഒരു കോടതിയിലും ഒരു അന്വേഷണത്തിലും അഴിമതി കണ്ടെത്താനായിട്ടില്ല. ഹൈന്ദവരുടെ ആരാധന സ്വാതന്ത്ര്യത്തിന്റെ ധ്വംസനമാണ് നടക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ ക്ഷേത്രങ്ങളുടെ സ്വത്തും ഭരണവും ഭൂമിയും പിടിച്ചെടുത്തത് കേണൽ മൺറോയാണ്. ദേവസ്വം മന്ത്രിക്ക് മൺറോയുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.
മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്ത പാർഥസാരഥി ക്ഷേത്രത്തിൽ അദ്ദേഹം രാവിലെ ദർശനം നടത്തി. എക്‌സിക്യൂട്ടീവ് ഓഫിസർ ടി.സി.ബിജു പ്രസാദം നൽകി. ക്ഷേത്ര ജീവനക്കാരെ ആരെയെങ്കിലും ഒഴിവാക്കിയോ എന്നും മലബാർ ദേവസ്വം ബോർഡ് ജീവനക്കാരെ നിയമിച്ചോയെന്നും അദ്ദേഹം അന്വേഷിച്ചു. പാർഥസാരഥി ക്ഷേത്രവിമോചന സമിതിയുടെ യോഗത്തിലും പങ്കെടുത്തു.