സിപിഐ മര്യാദ വിട്ടെന്ന് സിപിഎം കേന്ദ്രനേതൃത്വം; പറഞ്ഞില്ല, അറിയിച്ചില്ല, ആവശ്യപ്പെട്ടില്ല

ന്യൂഡൽഹി ∙ തോമസ് ചാണ്ടിയുടെ രാജിക്കുവേണ്ടി മന്ത്രിസഭാ യോഗത്തിൽനിന്നു വിട്ടുനിന്നു സമ്മർദത്തിനു ശ്രമിച്ച സിപിഐയുടെ നടപടി അപക്വമെന്നു സിപിഎം അവെയ്‌ലബ്ൾ പൊളിറ്റ് ബ്യൂറോ (പിബി) വിലയിരുത്തി. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം കൂടുന്നതിനോടു വിയോജിപ്പുണ്ടെങ്കിൽ സിപിഐയ്ക്ക് അക്കാര്യം മുഖ്യമന്ത്രിയെയോ എൽഡിഎഫ് കൺവീനറെയോ സിപിഎം സെക്രട്ടറിയെയോ അറിയിക്കാമായിരുന്നു. അതു ചെയ്‌തില്ല.

മന്ത്രിസഭാ യോഗം തുടങ്ങിയശേഷമാണു മുഖ്യമന്ത്രിക്കു കത്തു കൊടുത്തുവിട്ടത്. സിപിഐ നേരത്തേ ആവശ്യപ്പെട്ടാൽ മന്ത്രിസഭായോഗം മാറ്റിവയ്‌ക്കുമായിരുന്നു. ഇതൊന്നും ഉണ്ടായില്ല – സിപിഎം കേന്ദ്രനേതൃത്വം വിലയിരുത്തി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ അസാന്നിധ്യത്തിൽ ചേർന്ന അവെയ്‌ലബ്‌ൾ പിബി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, വൃന്ദ കാരാട്ട്, എം.എ.ബേബി, ബി.വി.രാഘവുലു എന്നിവരാണു പങ്കെടുത്തത്.

പിബിയുടെ മറ്റു വിലയിരുത്തലുകൾ:

∙പ്രതിഛായയ്‌ക്കു കോട്ടം തട്ടുമെന്നറിഞ്ഞുതന്നെ മുന്നണി മര്യാദ പാലിക്കാനാണു സിപിഎം ശ്രമിച്ചത്. നിയമ പോരാട്ടത്തിന് എൻസിപി സമയമാവശ്യപ്പെട്ടപ്പോൾ സമ്മതിച്ചു.

∙ തക്കസമയത്ത് ഉചിത തീരുമാനത്തിന് എൽഡിഎഫാണു മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടശേഷം, സുപ്രീം കോടതിയിൽ പോകാൻ എൻസിപി സമയം ചോദിച്ചു. പറ്റില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നേതാക്കളുമായി ആശയവിനിമയത്തിനും എൻസിപി സമയം ചോദിച്ചു. അതിന്റെ പേരിൽ രാജി വൈകിക്കാനാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

∙ തോമസ് ചാണ്ടിയുടെ നടപടികളെ സിപിഎം ന്യായീകരിച്ചിട്ടില്ല; അതൃപ്‌തി പരസ്യമായല്ലാതെ വ്യക്‌തമാക്കിയിട്ടുമുണ്ട്. മുൻ കലക്‌ടറുടെ തീരുമാനം തിരുത്താൻ പുതിയ കലക്‌ടർക്ക് അധികാരമില്ലെന്നും സർക്കാരിനു മാത്രമാണ് അധികാരമെന്നുമായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി നേടാമെന്നാണ് എൻസിപി പ്രതീക്ഷിച്ചത്. അതിനു കഴിഞ്ഞില്ല.

∙ തോമസ് ചാണ്ടിയുടെ രീതിയും വിഷയം വഷളാക്കി. മന്ത്രിയോ എംഎൽഎയോ ആകും മുൻപ്, ബിസിനസുകാരനായിരുന്ന കാലത്തെ കാര്യമാണെന്നും അധികാര ദുർവിനിയോഗമില്ലെന്നുമൊക്കെ വിശദീകരിക്കുന്നതിനു പകരം, നാട്ടുപ്രമാണിയെന്ന രീതിയിലാണു സംസാരിച്ചത്. ഇനിയും ചെയ്യും എന്നൊക്കെ കാനം രാജേന്ദ്രനെ ഇരുത്തിക്കൊണ്ടു വെല്ലുവിളിച്ചതും ജനത്തിനു തെല്ലും സ്വീകാര്യമായില്ല.