ആലപ്പുഴ ∙ തോമസ് ചാണ്ടി എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിലെ അനധികൃത നിർമാണം സംബന്ധിച്ച നോട്ടിസ് ബന്ധപ്പെട്ടവർക്കു നൽകിയിട്ടുണ്ടെന്നു നഗരസഭാ ചെയർമാൻ തോമസ് ജോസഫ്. 15 ദിവസം മറുപടിക്കായി കാക്കും.
തൃപ്തികരമായ മറുപടിയോ മറ്റു നടപടിക്രമങ്ങളോ ഇല്ലെങ്കിൽ അനധികൃതമായി നിർമിച്ച 10 കെട്ടിടങ്ങളും പൊളിക്കും. നഗരസഭാ പ്ലാനിനെ മറികടന്നുള്ള 22 അധികനിർമാണങ്ങളുടെ വിവരവും ആരാഞ്ഞിട്ടുണ്ട്. ഇതിലും നടപടിയുണ്ടാകുമെന്നു ചെയർമാൻ അറിയിച്ചു.
നഗരസഭാ എൻജിനീയറിങ്, റവന്യു വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിലാണു തോമസ് ചാണ്ടിയുടെയും മാത്യു ജോസഫിന്റെയും ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ ലേക് പാലസ് റിസോർട്ടിൽ അനധികൃത നിർമാണങ്ങൾ കണ്ടെത്തിയത്. മുനിസിപ്പൽ ചട്ടം ലംഘിച്ചുള്ള നിർമാണത്തിനെതിരെയാണു നഗരസഭയുടെ നടപടി.