Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്കേതിക വാഴ്സിറ്റി വിസിയുടെ രാജി ഗവർണർ സ്വീകരിച്ചു

Kuncheria-P-Isaac

തിരുവനന്തപുരം∙ സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു സ്ഥാനമൊഴിയുന്ന, സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി.ഐസക്കിന്റെ രാജി ഗവർണർ സ്വീകരിച്ചു. കഴിഞ്ഞ രണ്ടിന് അദ്ദേഹം രാജി നൽകിയെങ്കിലും തൽക്കാലം തുടരാൻ ചാൻസലർ കൂടിയായ ഗവർണർ നിർദേശിക്കുകയായിരുന്നു.

ഇന്നലെ രാവിലെ ഡോ. കുഞ്ചെറിയ ഗവർണറെ കണ്ടു വീണ്ടും രാജിക്കാര്യം അറിയിച്ചപ്പോഴാണ് അടുത്ത 31നു നിലവിൽ വരുന്ന രീതിയിൽ സ്വീകരിക്കുകയാണെന്നു ഗവർണർ അറിയിച്ചത്. സർവകലാശാലയുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ നടത്തുന്ന ശാസ്ത്ര സാങ്കേതിക മേള ഉദ്ഘാടനം ചെയ്യുന്നതിനു ക്ഷണിക്കുന്നതിനു കൂടിയാണു വിസി ഗവർണറെ കണ്ടത്. എന്നാൽ, പുതിയ വിസി എത്തിയ ശേഷം മേളയുടെ കാര്യം തീരുമാനിക്കാമെന്നു പറഞ്ഞു ഗവർണർ ക്ഷണം സ്വീകരിച്ചില്ല.

ബിടെക് കോഴ്സ് നടത്തിപ്പിൽ വെള്ളം ചേർക്കുന്നത് ഉൾപ്പെടെയുള്ള ഒട്ടേറെ പ്രശ്നങ്ങളിൽ സർക്കാരുമായി തെറ്റിയതിനെ തുടർന്നാണു കുഞ്ചെറിയ സ്ഥാനം ഒഴിയുന്നത്. 

വിദ്യാർഥികളും ജീവനക്കാരും ഒരു വിഭാഗം എൻജിനീയറിങ് കോളജ് മാനേജ്മെന്റുകളും വൈസ് ചാൻസലർക്കെതിരെ തിരിയുകയും സർക്കാർ പരോക്ഷമായി അതിനെ പിന്തുണയ്ക്കുകയുമായിരുന്നു. ബിടെക് വിദ്യാർഥി സമരം രൂക്ഷമായ ഘട്ടത്തിലാണ് അദ്ദേഹം ഗവർണർക്കു രാജിക്കത്ത് നൽകിയത്.അടുത്ത ഓഗസ്റ്റ് അവസാനം വരെ കാലാവധിയുള്ള അദ്ദേഹം അടുത്ത 31നു വിസി സ്ഥാനത്തുനിന്നു തന്നെ  ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന രാജിക്കത്തായിരുന്നു നൽകിയത്. സർക്കാരുമായി തെറ്റിയതിനു പുറമെ സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും വിസിക്കെതിരെ തിരിയുകയുണ്ടായി. ഇതിനിടെ, ബിടെക് പരീക്ഷയ്ക്ക് ആവശ്യമായ ക്രഡിറ്റുകൾ രണ്ടു തവണ സർക്കാർ കുറച്ചു കൊടുത്തിരുന്നു. 

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും തുടർന്ന് എഐസിടിഇ മെംബർ സെക്രട്ടറിയുമായി പ്രവർത്തിക്കവെയാണു ഡോ. കുഞ്ചെറിയ വിസിയായി നിയമിതനായത്. 

31നു സ്ഥാനം ഒഴിയുമ്പോൾ താൽക്കാലിക ചുമതല ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിനു നൽകാനാണു സാധ്യത.