ഗുരുദർശനങ്ങൾ ലോകത്തിന് പുതുവെളിച്ചമേകി: മോദി

വഴി തെളിക്കട്ടെ, ഗുരുദർശനം: വർക്കല ശിവഗിരി തീർഥാടന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ലൈവ് വിഡിയോയിലൂടെ ഉദ്ഘാടനം ചെയ്യുന്നു. വി.ജോയ് എംഎൽഎ, സ്വാമി ശാരദാനന്ദ, സ്വാമി സാന്ദ്രാനന്ദ, കേന്ദ്രമന്ത്രി ശ്രീപദ് യശോനായിക്, ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, എം.എ.യൂസഫലി, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, റിച്ചാർ‍ഡ് ഹേ എംപി, സ്വാമി ശിവസ്വരൂപാനന്ദ എന്നിവർ സമീപം. ചിത്രം: മനോരമ

വർക്കല∙ ദളിതരെയും പീഡിതരെയും ഇല്ലായ്‌മ അനുഭവിക്കുന്നവരെയും ശക്തിപ്പെടുത്താനുള്ള ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളും പ്രയത്നവും ലോകത്തിനു പുതുവെളിച്ചമേകിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ അറിവുകളും പ്രായോഗിക ജീവിതത്തിൽ ഉപയോഗിച്ചാൽ ജനങ്ങളും രാജ്യവും പുരോഗമിക്കുകയും സമൃദ്ധമാവുകയും ചെയ്യുമെന്നാണു ശിവഗിരി തീർഥാടനത്തിലൂടെ ഗുരു ലക്ഷ്യമിട്ടത്. ജ്‌ഞാനത്തിന്റെ കുംഭസ്നാനമാണു ശിവഗിരി തീർഥാടനമെന്നും 85–ാം ശിവഗിരി തീർഥാടന സമ്മേളനം ലൈവ് വിഡിയോയിലൂടെ ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

വിദ്യകൊണ്ടു പ്രബുദ്ധരാവുക, സംഘടന കൊണ്ടു ശക്തരാവുക, വ്യവസായത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്ന  ഗുരുദേവന്റെ കാഴ്ചപ്പാടാണു നവലോക സൃഷ്ടിക്കു വഴിവിളക്കായത്. ദരിദ്രരും ദളിതരും പിന്നാക്ക വിഭാഗക്കാരും വിദ്യാഭ്യാസമുണ്ടെങ്കിൽ മുന്നേറുമെന്നു ഗുരു വിശ്വസിച്ചു. അതിനായി സ്ഥാപനങ്ങൾ സൃഷ്ടിച്ചു.

അത്ഭുതങ്ങളും കാപട്യങ്ങളും മാറ്റി ക്ഷേത്രങ്ങളിൽ സത്യവും ശുചിത്വവും ഉണ്ടാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൂജ ചെയ്യാൻ എല്ലാവർക്കുമുള്ള അവകാശവും ഗുരു ഉറപ്പിച്ചു. ജാതിവാദം മാത്രമല്ല, രാജ്യത്തിനു ദോഷം വരുത്തുന്ന തിന്മകളെല്ലാം ദൂരീകരിക്കുന്നതിനും അവയ്‌ക്കെതിരെ ജനങ്ങളിൽ ഉണർവുണ്ടാക്കുന്നതിനും ശ്രീനാരായണീയർ പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. 

ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേന്ദ്രമന്ത്രി ശ്രീപദ് യശോനായിക്, കർണാടക മന്ത്രി യു.ടി. ഖാദർ, റിച്ചാർ‍ഡ് ഹേ എംപി, വ്യവസായികളായ എം.എ. യൂസഫലി, ബി.ആർ. ഷെട്ടി, സുന്ദർ മേനോൻ, കെ.മുരളീധരൻ, മുംബൈ എസ്എൻ സമിതി ചെയർമാൻ എം.ഐ. ദാമോദരൻ, ശശികലാധരൻ വെളളാപ്പള്ളി, സ്വാമി ശിവസ്വരൂപാനന്ദ, സുരേഷ് കുമാർ മധുസൂദനൻ എന്നിവരും പ്രസംഗിച്ചു.

മുത്തലാഖിൽ നിന്നുള്ള മോചനം മഹത്തായ‌ കാൽവയ്പ്: മോദി

വർക്കല∙ മുസ്‌ലിം സഹോദരിമാരും അമ്മമാരും ഏറെക്കാലമായി നടത്തിയ പോരാട്ടത്തിനൊടുവിലാണു മുത്തലാഖിൽനിന്നുള്ള മോചനത്തിനു വഴിയൊരുങ്ങിയതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവഗിരി തീർഥാടന സമ്മേളനം ലൈവ് വിഡിയോയിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജ്യോതിബാഫുലേ, സാവിത്രീബായി, രാജാറാം മോഹൻറോയ്, ഈശ്വർചന്ദ്ര വിദ്യാസാഗർ, ദയാനന്ദസരസ്വതി തുടങ്ങിയവർ സ്‌ത്രീകളുടെ അഭിമാനം, സ്‌ത്രീകളോടുള്ള ബഹുമാനം എന്നിവയ്ക്കായി നീണ്ട പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമത്തിലൂടെ രാജ്യത്തെ സ്‌ത്രീകളുടെ അവകാശ സംരക്ഷണത്തിനായി എത്ര മഹത്തായ കാൽവയ്‌പ്പാണു നടത്തിയതെന്ന് ഇന്ന് അവരുടെ ആത്മാക്കൾ സന്തോഷിക്കുന്നുണ്ടാകും– മോദി പറഞ്ഞു.

സ്വാതന്ത്ര്യലബ്ധിയോടെ നാം അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞെങ്കിലും അതിന്റെ പാടുകൾ സാമൂഹിക–സാമ്പത്തിക വ്യവസ്ഥിതിയിൽ ഇപ്പോഴും പതിഞ്ഞുകിടപ്പുണ്ട്. നരൻ ചെയ്യേണ്ട കർമം ചെയ്‌താൽ നാരായണനാകുമെന്നു നമ്മുടെ സന്യാസിമാരും ഋഷിവര്യന്മാരും പറഞ്ഞിട്ടുണ്ട്. കഥാപ്രസംഗം നടത്തിയിട്ടോ മണിക്കൂറുകളോളം പൂജകൾ നടത്തിയിട്ടോ അല്ല അതു ചെയ്യേണ്ടത്. സ്വന്തം കർമം ചെയ്‌തു നാരായണരാകണം.

രാജ്യത്തിന്റെ മോചനത്തിനു നമുക്ക് ഒരുമിച്ചു മുന്നേറാം. 2018ൽ ഈ യാത്ര കൂടുതൽ ഗതിവേഗമുള്ളതാകും. കള്ളപ്പണം, അഴിമതി എന്നിവയ്ക്കെതിരായ നടപടിയിൽ തുടങ്ങി ബെനാമി സമ്പത്തിന്റെ മേൽ കടുത്ത നടപടിയും കടന്നു ഭീകരവാദം, ജാതിവാദം തുടങ്ങിയവയ്‌ക്കെതിരെ പ്രവർത്തിച്ചാണു നാം മുന്നേറേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സമാപനം ഇന്ന്

ശിവഗിരി തീർഥാടനത്തിൽ മഹാസമാധി ഗുരുദേവ വിഗ്രഹപ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷങ്ങളുടെ സമാപനവും തീർഥാടന സമാപന സമ്മേളനവും ഇന്നു നടക്കും. വൈകിട്ടു നാലിനു കനകജൂബിലിയുടെ സമാപന സമ്മേളനം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം ചെയ്യും. കനകജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിതാനന്ദ അധ്യക്ഷത വഹിക്കും.