Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുദേവനും ശിവഗിരിയും ഉയർത്തുന്നത് മാനവികതയുടെ സന്ദേശം: ഗവർണർ

sivagiri ശിവഗിരി തീർഥാടന സമ്മേളനം ഗവർണർ ജസ്റ്റിസ് പി. സദാശിവം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ഗോകുലം ഗോപാലൻ, പി.എസ്. ശ്രീധരൻ പിള്ള, എൻ.കെ. പ്രേമചന്ദ്രൻ എംപി, കെ.സി. വേണുഗോപാൽ എം.പി, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശുദ്ധാനന്ദ, മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി, സ്വാമി വിശാലാനന്ദ, വി.ജോയി എംഎൽഎ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ.

വർക്കല∙ ഗുരുദേവനും ശിവഗിരിയും ഉയർത്തിപ്പിടിക്കുന്ന മാനവിക സന്ദേശങ്ങൾ എക്കാലത്തും പ്രസക്തമാണെന്നു ഗവർണർ ജസ്റ്റിസ് പി.സദാശിവം. അറിവിന്റെ വഴിയെ സഞ്ചരിക്കുന്നതാണ് ഓരോ ശിവഗിരി തീർഥാടനവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 86–ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. തീർഥാടന വേളയിലെ തിരക്ക് ഗുരുദർശനത്തിന്റെ ശക്തമായ അടിത്തറയാണു കാട്ടുന്നത്. ‌ആധ്യാത്മിക ഉണർവിലൂടെ സമൂഹം കൂടുതൽ ഊർജസ്വലമാകുന്നു. ശ്രീനാരായണ ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനങ്ങൾ സമൂഹത്തിന് ഒന്നടങ്കം പ്രചോദനം നൽകുന്നതാണെന്നും ഗവർണർ പറഞ്ഞു. 

‌ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. കേരളീയ സമൂഹത്തിന്റെ വളർച്ചയിലും പരിണാമത്തിലും അതുല്യമായ പങ്കു വഹിച്ച ഗുരുദേവൻ ഉച്ചനീചത്വത്തിന്റെ മതിൽക്കെട്ടുകൾ തകർക്കാൻ എന്നും ശ്രമിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. ഗുരുദേവൻ തിരി കൊളുത്തിയ ആശയങ്ങൾ ഉയർത്തിപിടിച്ചാൽ മാത്രമേ വിവേചനരഹിതമായ സമൂഹം വളരുകയുള്ളൂ എന്നും മുല്ലപ്പള്ളി പറഞ്ഞു. 

എല്ലാത്തരം ജാതി ചിന്തകൾക്കുമെതിരായ പ്രചോദനമാണു ശിവഗിരിയെന്നു കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. അനാവശ്യ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉപേക്ഷിക്കണമെന്നു ഗുരു ആഹ്വാനം ചെയ്തു. എന്നാൽ ഉപദ്രവകരമല്ലാത്ത ആചാരാനുഷ്ഠാനങ്ങൾ അവകാശമായി സംരക്ഷിക്കപ്പെടണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു. 

ഗുരുദേവ ദർശനം സമഗ്രതയിൽ കാണണമെന്നും എന്നാൽ ആത്മീയതയിൽ നിരാകരിക്കരുതെന്നും ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. അർജുന അവാർഡ് ജേതാവ് വി. ഭാസ്കരൻ, ഗോകുലം ഗ്രൂപ്പ് എംഡി ഗോകുലം ഗോപാലൻ, വി. ജോയി എംഎൽഎ, വർക്കല നഗരസഭാധ്യക്ഷ ബിന്ദു ഹരിദാസ്, ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ശിവഗിരി ടിവി ലോഗോ പ്രകാശനം ഗവർണർ നിർവഹിച്ചു.

തീർഥാടന ഘോഷയാത്ര ഇന്ന്

ഗുരുദേവന്റെ അലങ്കരിച്ച റിക്ഷയുമായി മഹാസമാധിയിൽ നിന്നുള്ള തീർഥാടന ഘോഷയാത്ര ഇന്ന്. പുലർച്ചെ അഞ്ചിനു പുറപ്പെട്ട് എട്ടിനു ശിവഗിരിയിൽ തിരിച്ചെത്തും. ശരണമന്ത്രങ്ങളുമായി പതിനായിരങ്ങൾ അണിനിരക്കുന്ന ഘോഷയാത്രയിൽ, ശിവഗിരിയിൽ എത്തിച്ചേർന്ന വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ പദയാത്രകളും അണിചേരും.