Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുസന്ദേശം ജീവിതത്തിൽ പകർത്തണം: വാജുഭായ് വാല

sivagiri-pilgrimage പീതസാഗരം; തീർത്ഥാടന പുണ്യം: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചു ഗുരുദേവന്റെ റിക്ഷയുമായുള്ള ഘോഷയാത്ര ഗുരുസമാധിയിൽ നിന്നു പുലർച്ചെ പുറപ്പെട്ടു വർക്കല ടൗണിലെത്തിയപ്പോൾ. സ്വാമി സച്ചിദാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി വിഖ്യാതാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സാന്ദ്രാനന്ദ തുടങ്ങിയവർ മുൻനിരയിൽ. ചിത്രം: മനോരമ.

വർക്കല∙ ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ജീവിതത്തിൽ പകർത്തുകയെന്ന സന്ദേശമാണു ശിവഗിരി തീർഥാടനം പകർന്നു നൽകുന്നതെന്ന് കർണാടക ഗവർണർ വാജുഭായ് വാല. ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവൻ പ്രാമുഖ്യം നൽകിയ മാനവികതാ സങ്കൽപത്തിൽ മനുഷ്യരെല്ലാം സഹോദരങ്ങളാണ്. അവർക്കിടയിൽ ഭേദചിന്തകൾ പാടില്ലെന്നും ഗവർണർ പറഞ്ഞു. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു.

ശിവഗിരി തീർഥാടന ഓഡിറ്റോറിയം നിർമാണം പൂർത്തിയാക്കാൻ രണ്ടു കോടി രൂപ കൂടി നൽകുമെന്നു ലുലു ഗ്രൂപ്പ് എംഡി എം.എ. യൂസഫലി അറിയിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രവാസി വ്യവസായി കെ.ജി. ബാബുരാജ്, നിസാൻ മോട്ടോർ സിഇഒ ടോണി തോമസ്, മുരളിയ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ, മുസ്‍ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സ്വാമി സാന്ദ്രാനന്ദ, ഡോ. സുരേഷ് കുമാർ മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രളയക്കെടുതി ഒറ്റക്കെട്ടായി നേരിടാൻ സഹായിച്ചതു കേരളത്തിന്റെ മതനിരപേക്ഷതയാണെന്നും നവോത്ഥാന പ്രസ്ഥാനങ്ങളെ ആകെ സ്വാധീനിച്ച ഗുരുദേവ ദർശനങ്ങളാണ് അതിനു വഴികാട്ടിയായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘കേരള പുനർനിർമാണം ഗുരുദർശനത്തിലൂടെ’ എന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടിയാണു നവോത്ഥാന നായകനെന്ന വിശേഷണം ഗുരുവിനു കൈവന്നത്. നവകേരള നിർമാണത്തിൽ നവോത്ഥാന പാരമ്പര്യം നിലനിർത്തൽ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാനവികതയുടെ വക്താവായി ഗുരുദേവൻ ഉഴുതുമറിച്ച മണ്ണിലാണു നവോത്ഥാനത്തിന്റെ പടയോട്ടമുണ്ടായതെന്ന് അധ്യക്ഷ്യം വഹിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന നിലപാടു സ്വീകരിച്ചപ്പോഴും മതങ്ങളെ നിരാകരിക്കാതെ പരസ്പരം പഠിക്കാനാണു ഗുരുദേവൻ ആഹ്വാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീർഥാടനം ഇന്നു സമാപിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായിരിക്കും. 

പീതസാഗരമായി തീർഥാടന ഘോഷയാത്ര

വീഥികളെ പീതസാഗരമാക്കി ആയിരക്കണക്കിനു തീർത്ഥാടകർ അണിനിരന്ന ഘോഷയാത്ര ഭക്തനിർഭരമായി. പുലർച്ചെ അഞ്ചിനു മഹാസമാധിയിലെ പൂജകൾക്കു ശേഷം അലങ്കരിച്ച ഗുരുദേവ റിക്ഷയുമായാണു പ്രദക്ഷിണം പുറപ്പെട്ടത്. ധർമപതാകയേന്തി ശിവഗിരി ധർമസംഘം ട്രസ്റ്റ് ഭാരവാഹികളും മുതിർന്ന സന്യാസിമാരും മുൻനിരയിൽ അണിനിരന്നു. ബ്രഹ്മചാരികളും പദയാത്രാ സംഘങ്ങളും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും അനുഗമിച്ചു.