ന്യൂഡൽഹി∙ ശ്രീനാരായണഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കുന്ന ആത്മീയ ടൂറിസം പദ്ധതിക്കു കേന്ദ്രം അന്തിമരൂപം നൽകും. പദ്ധതിച്ചെലവ് 100 കോടിയായി നിജപ്പെടുത്തണമെന്നു ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടിട്ടും കേരളം പ്രതികരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഇടപെടൽ. 118 കോടി രൂപയുടെ പദ്ധതി രേഖയാണ് കേരളം സമർപ്പിച്ചിരുന്നത്.
ടൂറിസം മന്ത്രാലയത്തിനു നേരിട്ടനുവദിക്കാവുന്ന തുക 100 കോടി രൂപയിൽ കുറവായിരിക്കണമെന്നതാണു കാരണം. ഇതിനനുസരിച്ചു പദ്ധതി നിർദേശം മാറ്റി നൽകണമെന്നായിരുന്നു കേന്ദ്ര ആവശ്യം. ഇക്കാര്യത്തിൽ കേരളം അനുകൂലമായി പ്രതികരിച്ചില്ലെന്നു കേന്ദ്രം കുറ്റപ്പെടുത്തുന്നു. പദ്ധതി നീണ്ടുപോകാതിരിക്കാനാണ് മന്ത്രാലയം നേരിട്ടിടപെടുന്നതെന്നും അന്തിമരൂപരേഖ സംസ്ഥാന സർക്കാരിനു തന്നെ കൈമാറി ബോധ്യപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു പദ്ധതി അനുവദിച്ചത്. ശിവഗിരി, ചെമ്പഴന്തി, കുന്നുംപാറ, അരുവിപ്പുറം എന്നീ തീർഥാടന കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ടൂറിസം സർക്യൂട്ടാണ് ലക്ഷ്യം.