Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ

Kureepuzha-Sreekumar കുരീപ്പുഴ ശ്രീകുമാർ.

കടയ്ക്കൽ ∙ കവി കുരീപ്പുഴ ശ്രീകുമാറിനെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ ആറു ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ഇട്ടിവ പഞ്ചായത്ത് അംഗം കോട്ടുക്കൽ ശ്യാമള മന്ദിരത്തിൽ ദീപു (36), നെടുപുറം സജിത്ത് (29), കോട്ടുക്കൽ യുപിഎസിനു സമീപം ലൈജു (25), കോട്ടുക്കൽ കാവടി വീട്ടിൽ കിരൺ (19), കൊട്ടാരഴികത്ത് മനു (35), ഫിൽഗിരി സരിത വിലാസത്തിൽ ശ്യാം (20) എന്നിവരെയാണ് കടയ്ക്കൽ സിഐ എസ്.സാനിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അതേസമയം, സ്പർധ വളർത്തുന്ന വിധം പ്രസംഗിച്ചുവെന്നാരോപിച്ചു ബിജെപി പൊലീസിൽ പരാതി നൽകി. 

കോട്ടുക്കലിൽ കൈരളി ഗ്രന്ഥശാല വാർഷികത്തോടനുബന്ധിച്ചു നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ വിദ്വേഷം പരത്തുന്ന രീതിയിൽ പ്രസംഗിച്ചുവെന്നാരോപിച്ചാണ് ശ്രീകുമാറിന്റെ വാഹനം ബിജെപി പ്രവർത്തകർ കഴിഞ്ഞ രാത്രി തടഞ്ഞത്. ഗ്രന്ഥശാല ഭാരവാഹികളും ജനപ്രതിനിധികളും ഇടപെട്ടാണ് ശ്രീകുമാറിനെ സ്ഥലത്തു നിന്നു മോചിപ്പിച്ചത്. ശ്രീകുമാർ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. ആക്രമണ ശ്രമത്തിൽ പ്രതിഷേധിച്ചു കോട്ടുക്കലിൽ പ്രകടനവും യോഗവും നടത്തി.  

ജാതി സ്പർധ വളർത്തുകയും സാമൂഹിക സന്തുലിതാവസ്ഥ തകർക്കുന്ന തരത്തിൽ മോശമായി പ്രസംഗിക്കുകയും ചെയ്ത കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി പൊലീസിൽ പരാതി നൽകിയത്. ഹൈന്ദവ ദേവൻമാരെയും അനന്തപത്മനാഭനെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ശ്രീകുമാറിന്റെ പ്രസംഗം. വാഹനം തടഞ്ഞു ശ്രീകുമാറിനെ പ്രതിഷേധം അറിയിച്ചതല്ലാതെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ല. ബിജെപി - ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തതു പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. മർദിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മർദിച്ചതായി ശ്രീകുമാർ പോലും പരാതി പറഞ്ഞിട്ടില്ലെന്നും കുമ്മനം പറഞ്ഞു.