കോട്ടയം∙ മോദിയുടെ വിമർശകനാണെന്നും ആർഎസ്എസ് ഭീഷണിയുണ്ടെന്നും വരുത്തിത്തീർക്കുകയാണു പ്രശസ്തനാകാനുള്ള എളുപ്പവഴിയെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കവി കുരീപ്പുഴ ശ്രീകുമാറിനെ ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചെന്ന പരാതിക്കു പിന്നാലെയാണു സുരേന്ദ്രന്റെ പ്രതികരണം. കവി കുരീപ്പുഴ ഇന്നുമുതൽ ആഗോള പ്രശസ്തനായിക്കഴിഞ്ഞെന്നും സുരേന്ദ്രൻ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പരിഹസിച്ചു.
സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം:
അജ്ഞാതനായ ഒരാൾ ടെലിഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്നുപറഞ്ഞാണു പെരുമാൾ മുരുകൻ എഴുത്തുനിർത്തൽ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി, ബഹളമായി, മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി. ജീവിതത്തിൽ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിന്റെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആർഎസ്എസിന്റെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്കാരം മടക്കലും.
തന്റെ നാട്ടിലെ പെണ്ണുങ്ങൾ പലരും രാത്രിയിൽ ക്ഷേത്രങ്ങളിലെ ഉൽസവത്തിനുപോകുന്നതു വ്യഭിചരിക്കാനാണെന്നു മുരുകൻ പറഞ്ഞതാണു പ്രകോപനത്തിനു കാരണമായത്. മുരുകന്റെ നാട്ടിൽ ആർഎസ്എസും ബിജെപിയും കഷായത്തിൽ കൂട്ടാൻ പോലുമില്ല. അവസാനം പൊലീസ് കേസായി, അന്വേഷണമായി. ഒരിടത്തും ആർഎസ്എസുമില്ല ബിജെപിയുമില്ല. ആർഎസ്എസിനെ പിടിക്കാനായില്ലെങ്കിലും മുരുകൻ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകൾ പലതും വിറ്റുപോയി. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരനുമായി.
പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുമുള്ള എളുപ്പവഴി താൻ മോദിയുടെ വിമർശകനാണെന്നും എനിക്ക് ആർഎസ്എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീർക്കുക എന്നതാണ്. കുരീപ്പുഴ ഇന്നുമുതൽ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തിൽ വിറ്റുതീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കർണാടകയിൽ ഒരുത്തൻ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ചു മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ഇവിടെയും മാതൃകയാക്കാവുന്നതാണ്.