കോഴിക്കോട്∙ മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളെ ഇന്നു ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം തിരഞ്ഞെടുക്കും. നിലവിലെ ഭാരവാഹികൾ തുടരും. എംഎൽഎമാർ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന നിബന്ധന എടുത്തുകളയും. ഇതുവഴി എം.കെ.മുനീർ, വി.കെ.ഇബ്രാഹിം കുഞ്ഞ്, കെ.എം.ഷാജി, എൻ.ഷംസുദ്ദീൻ എന്നീ എംഎൽഎമാർ സംസ്ഥാന ഭാരവാഹികളായി മാറും. യൂത്ത് ലീഗ് മുൻ സംസ്ഥാന അധ്യക്ഷൻ പി.എം.സാദിഖലിയും ഭാരവാഹിയാകും. വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലാണ് ഇവർ പരിഗണിക്കപ്പെടുന്നത്.
പാണക്കാട് ഹൈദരലി തങ്ങൾ പ്രസിഡന്റും കെ.പി.എ.മജീദ് ജനറൽ സെക്രട്ടറിയുമായി തുടരും. ഇന്നലെ ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ പുതിയ സംസ്ഥാന കമ്മിറ്റി സംബന്ധിച്ചു അഭിപ്രായ സമന്വയം ഉണ്ടാക്കി. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിലായിരുന്നു ഇന്നലത്തെ യോഗം.