എംടിയുടെ വരികൾ ഇനി കേരളം ഏറ്റുചൊല്ലും

mt-vasudevan-nair-4

തിരുവനന്തപുരം ∙ മലയാളത്തിന്റെ പ്രിയ കഥാകൃത്ത് എം.ടി.വാസുദേവൻ നായരുടെ വാക്കുകൾ ഇനി മലയാളിയുടെ ഭാഷാപ്രതിജ്ഞ. മൂന്നുവർഷം മുൻപു തിരുവനന്തപുരത്തെ ‘മലയാളം പള്ളിക്കൂട’ത്തിലെ കുട്ടികൾക്കു മുന്നിൽ എംടി ബോർഡിൽ കുറിച്ചിട്ട വാക്കുകൾ ഒൗദ്യോഗിക ഭാഷാപ്രതിജ്ഞയായി സർക്കാർ അംഗീകരിച്ചു. ഇന്നലെ, കോഴിക്കോട്ട് എംടിയുടെ വീട്ടിലെത്തി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പ്രതിനിധികൾ സർക്കാർ തീരുമാനം അറിയിച്ചു. ചെറിയൊരു തിരുത്തുമാത്രം നിർദേശിച്ച് എംടി, സർക്കാർ തീരുമാനം സ്വാഗതം ചെയ്തു.

ലോക മാതൃഭാഷാ ദിനമായ 21നു പ്രകാശനം ചെയ്യുന്ന പ്രതിജ്ഞ, വിദ്യാലയങ്ങളിലും ഓഫിസുകളിലും ഭാഷാപരമായ വിശേഷദിനങ്ങളിൽ ചൊല്ലാനാണ് ആലോചിക്കുന്നത്. കവി വി.മധുസൂദനൻ നായർ ആശയം നൽകിയ ‘മലയാളം പള്ളിക്കൂട’ത്തിൽ 2015 ഏപ്രിൽ 22ന് ആണ് എംടി എത്തിയത്. കുട്ടികൾക്കു വേണ്ടി രണ്ടുവരി എഴുതാമോ എന്ന മധുസൂദനൻ നായരുടെ സ്നേഹാർഭ്യർഥനയെ തുടർന്ന് എംടി 12 വരികൾ ബോർഡിൽ കുറിച്ചു.

-mt-poster

ഭാഷയോടുള്ള ഇഷ്ടം, ഓർമ, പരിസ്ഥിതി, ബന്ധങ്ങൾ എന്നിവയെല്ലാം ചേർന്ന ലളിതമായ വരികൾ പ്രതിജ്ഞയാക്കാമല്ലോ എന്നു തോന്നിയതു മധുസൂദനൻ നായർക്കാണ്. അദ്ദേഹം തന്നെ സർക്കാരിലേക്കു തന്റെ ശുപാർശ അയച്ചു. കഴിഞ്ഞയാഴ്ചയാണു തീരുമാനമുണ്ടായത്. ഭാഷാവകുപ്പ് ജോയിന്റ് സെക്രട്ടറി എസ്.മുഹമ്മദ് ഇസ്മായിൽ കുഞ്ഞ്, ഭാഷാവിദഗ്ധൻ ആർ.ശിവകുമാർ എന്നിവരാണു കോഴിക്കോട്ടെത്തി എംടിയിൽ നിന്ന് അനുമതി വാങ്ങിയത്.

ഭാഷാപ്രതിജ്ഞ

എന്റെ ഭാഷ എന്റെ വീടാണ്
എന്റെ ആകാശമാണ്
ഞാൻ കാണുന്ന നക്ഷത്രമാണ്
എന്നെ തഴുകുന്ന കാറ്റാണ്
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്
എന്റെ ഭാഷ ഞാൻ തന്നെയാണ്
ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്
എന്റെ ഭാഷ ഞാൻ തന്നെയാണ്.