കെ.സുധാകരന്റെ നിരാഹാര സമരം തുടരുന്നു

കണ്ണൂർ ∙ ഷുഹൈബ് വധക്കേസിലെ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് കെ.സുധാകരൻ നടത്തുന്ന നിരാഹാര സമരം തുടരുന്നു. സമരത്തിന്റെ മൂന്നാം ദിവസം അഭിവാദ്യമർപ്പിച്ച് ആയിരക്കണക്കിനു കോൺഗ്രസ് പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളും സമരപ്പന്തലിലെത്തി.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എൻ.കെ.പ്രേമചന്ദ്രൻ, എംഎൽഎമാരായ കെ.സി.ജോസഫ്, കെ.എം.ഷാജി, സണ്ണി ജോസഫ് എന്നിവർ പ്രസംഗിച്ചു. ആർഎസ്എസ് സംസ്ഥാന നേതാവ് വത്സൻ തില്ലങ്കേരി കെ.സുധാകരന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തി. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, കെഎസ്‍യു, എംഎസ്എഫ് തുടങ്ങി വിവിധ സംഘടനാ പ്രവർത്തകർ സമരപ്പന്തലിലെത്തി. ജവാഹർ ബാലവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്പന്തലിനു സമീപം സമാധാന പ്രതീകമായി പ്രാവിനെ പറത്തി. ഇന്ന് വൈകിട്ടു മൂന്നിനു കലക്ടറേറ്റിനു മുൻപിലെ നിരാഹാര പന്തലിൽ കോൺഗ്രസ് നേതാക്കളുടെ യോഗം ചേരും. സമരത്തിന്റെ തുടർ പ്രവർത്തനങ്ങൾ യോഗം തീരുമാനിക്കും.

ജയരാജൻ അറിയാതെ കൊലപാതകം നടക്കില്ല: സുധാകരൻ

കണ്ണൂർ ∙ പി.ജയരാജൻ അറിയാതെ കണ്ണൂരിൽ സിപിഎമ്മുകാർ കൊലപാതകത്തിനിറങ്ങില്ലെന്നു കെ.സുധാകരൻ. കലക്ടർ വിളിച്ചുചേർത്ത സമാധാന യോഗം പ്രഹസനം മാത്രമായിരുന്നു. ഷുഹൈബ് വധക്കേസിലെ തെളിവുകൾ മുഴുവൻ പൊലീസ് നശിപ്പിച്ചെന്നും കെ.സുധാകരൻ ആരോപിച്ചു. 35 വർഷമായി കണ്ണൂരിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു. ഇവിടെ നടത്തിയ ഒരു സമാധാന കമ്മിറ്റിയും അക്രമം അവസാനിപ്പിക്കാൻ സഹായിച്ചിട്ടില്ല എന്നും സുധാകരൻ പറഞ്ഞു.