തിരുവനന്തപുരം ∙ വരൾച്ചയും ജലക്ഷാമവും പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുൻ വർഷങ്ങളിൽ പകർച്ചവ്യാധികളുണ്ടായ പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കലക്ടർമാരോടു നിർദേശിച്ചു. ഇതുവരെ സ്ഥാപിച്ച വാട്ടർ കിയോസ്കുകളുടെ അവസ്ഥ, ജലലഭ്യത ഉറപ്പാക്കാൻ പൂർത്തിയാക്കേണ്ട പദ്ധതികൾ, മഴക്കാല പൂർവ ശുചീകരണം എന്നിവയുടെ വിവരങ്ങൾ മുഖ്യമന്ത്രി തേടി. കലക്ടർമാരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
∙മണൽ ക്ഷാമം നേരിടാൻ നടപടി മണലിന്റെയും പാറയുടെയും ക്ഷാമം കാരണം നിർമാണമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കലക്ടർമാർ ഇടപെടണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. വേണ്ടത്ര ഖനനം നടക്കാത്തതാണു ക്ഷാമത്തിനു കാരണം. നിയമാനുസൃതം അനുമതി നൽകാവുന്ന ക്വാറികൾ പോലും പ്രവർത്തിക്കുന്നില്ല. പ്രവർത്തിക്കുന്ന ക്വാറികൾ സംബന്ധിച്ചു മുഖ്യമന്ത്രി റിപ്പോർട്ട് തേടി. മണലിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു മണൽ കൊണ്ടുവരുന്നതു തടസ്സപ്പെടുത്തരുതെന്നു നിർദേശിച്ചു. അനധികൃത മണലൂറ്റു നടക്കുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണം.
∙ലൈഫ് മിഷൻ: മുടങ്ങിയ വീടു പണി ഈ മാസം തീർക്കും ലൈഫ് പദ്ധതിയിൽ അപേക്ഷിച്ച വീടില്ലാത്ത ഭൂരഹിതരിൽ അർഹതയുളളവർക്കു പട്ടയം നൽകിയാൽ വീടുകൾ വേഗം പൂർത്തിയാക്കാമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ വരുന്ന മുടങ്ങിക്കിടന്ന വീടുകളുടെ നിർമാണം ഈ മാസം പൂർത്തിയാക്കണം. ഭൂരഹിത ഭവനരഹിതർക്കും ഭൂമിയുള്ള ഭവനരഹിതർക്കും വീടു നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം. ഭൂമിയുളളവർക്കുളള വീടു നിർമാണം 2019ൽ പൂർത്തിയാക്കണം. പട്ടയ വിതരണത്തിന്റെ പുരോഗതി സംബന്ധിച്ചു മുഖ്യമന്ത്രി റിപ്പോർട്ട് തേടി.
മറ്റു നിർദേശങ്ങൾ:
∙അലഞ്ഞു തിരിയുന്ന മനോദൗർബല്യമുള്ളവരെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിനു ഷെൽറ്റർ ഹോമുകൾ.
∙ആദിവാസി പ്രശ്നപരിഹാരത്തിനു മുൻഗണന.
∙ജില്ലാതല പരാതിപരിഹാര അദാലത്തുകൾക്കു തുടർ പ്രവർത്തനം.
∙മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു ധനസഹായം അനുവദിച്ചാൽ 100 മണിക്കൂറിനകം തുക നൽകണം.
∙ദേശീയപാത വികസനം, ഗെയ്ൽ പ്രകൃതിവാതക പൈപ്പ് ലൈൻ, മലയോര ഹൈവേ, തീരദേശ ഹൈവേ, കിഫ്ബി മുഖേനയുള്ള പദ്ധതികൾ എന്നിവയ്ക്കുളള സ്ഥലമെടുപ്പു വേഗത്തിലാക്കാൻ കലക്ടർമാരുടെ മേൽനോട്ടം വേണം.
∙ഈ വർഷം സംസ്ഥാനത്തു മൂന്നു കോടി മരങ്ങൾ വച്ചുപിടിപ്പിക്കും. ഇതിന് എല്ലാ ജില്ലയിലും മുന്നൊരുക്കം.
∙മറുനാടൻ തൊഴിലാളികൾക്കു താമസസ്ഥലത്തിനൊപ്പം ആരോഗ്യ സംരക്ഷണം.
∙ഉത്സവ സീസണായതിനാൽ അപകടരഹിതമായി വെടിക്കെട്ടു നടത്തുന്നതിനു മുൻകരുതൽ.
∙നൂറു ചതുരശ്രമീറ്റർ വരെയുള്ള വീടു നിർമിക്കുന്നതിനുള്ള ആയിരക്കണക്കിന് അപേക്ഷകൾ തീരദേശ പരിപാലന നിയമപ്രകാരമുളള ക്ലിയറൻസ് കിട്ടാതെ കെട്ടിക്കിടക്കുകയാണെന്നും കലക്ടർമാർ പെട്ടെന്നു നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി പോൾ ആന്റണി നിർദേശിച്ചു.
റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ,് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി എം.ശിവശങ്കർ, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.