തിരുവനന്തപുരം∙ വേനൽ ശക്തമാകുന്നതിനു മുൻപുതന്നെ കേരളത്തിൽ കടുത്ത ചൂട് തുടങ്ങിയതിനു കാരണം മേഘങ്ങളുടെ കുറവ്. കാറ്റിന്റെ ദിശയിലും ശക്തിയിലുമുള്ള വ്യതിയാനങ്ങൾ മൂലം മേഘങ്ങൾ രൂപപ്പെടുന്നതു കുറഞ്ഞു. ഇതോടെ, ആകാശം സുതാര്യമായി. ഇതാണു നേരത്തേതന്നെ ചൂട് കൂടാനിടയാക്കിയതെന്നു കാലാവസ്ഥാകേന്ദ്രം ഡയറക്ടർ എസ്.സുദേവൻ പറഞ്ഞു. ഈ മാസം പല ജില്ലകളിലും ചൂട് 39 ഡിഗ്രിക്കു മുകളിലെത്താൻ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാകേന്ദ്രത്തിൽനിന്നുള്ള ഔദ്യോഗിക കണക്കു പ്രകാരം ഇത്തവണ തൃശൂർ വെള്ളാനിക്കരയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്– 38.4 ഡിഗ്രി. ഇതു ശരാശരിയിലും കൂടുതലാണെന്നും കാലാവസ്ഥാവകുപ്പ് അധികൃതർ പറഞ്ഞു. പാലക്കാട്, പുനലൂർ, കൊച്ചി എന്നിവിടങ്ങളിൽ 37 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. അതേസമയം, പാലക്കാട് മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിൽ (ഐആർടിസി) 40 ഡിഗ്രി ചൂട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
വടക്കൻ കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വൻതോതിൽ കൂടാനിടയുണ്ടെന്നു ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് ശരാശരിയിൽനിന്നു നാലു മുതൽ 10 ഡിഗ്രി വരെ കൂടാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അധികൃതർ പറഞ്ഞു. രാവിലെ 11 മുതൽ മൂന്നുമണി വരെ നേരിട്ടു സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കുക, രോഗികൾ ഉച്ചസമയത്തു പുറത്തിറങ്ങുന്നത് ഒഴിവാക്കുക, നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുകയും വെള്ളം കയ്യിൽ കരുതുകയും ചെയ്യുക, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ നിർദേശങ്ങളും അതോറിറ്റി നൽകി.