Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊണ്ട വരണ്ട് കേപ് ടൗൺ; ലോകമേ, കാണുന്നുണ്ടല്ലോ...

CAPE TOWN-DROUGHT

ജൊഹാനസ്ബർഗ് (ദക്ഷിണാഫ്രിക്ക)∙ കുടിക്കാൻ ഒരുതുള്ളി വെള്ളമില്ലാതെ മരണം മുന്നിൽക്കാണുന്ന കേപ് ടൗൺ നിവാസികൾക്കു നേരിയ ആശ്വാസം. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നഗരവാസികൾ ചിട്ടയോടെ പാലിച്ചതിനാൽ, ആ ‘ജലരഹിത ദിനം’ (ഡേ സീറോ) അൽപം വൈകിപ്പിക്കാനായി. ഓഗസ്റ്റ് 27 വരെ വീടുകളിലേക്കുള്ള ജലവിതരണം നിർത്തിവയ്ക്കേണ്ടി വരില്ലെന്നു ഡപ്യൂട്ടി മേയർ ഇയൻ നീൽസൺ പറഞ്ഞു.

പ്രശ്നങ്ങൾ തീർന്നുവെന്നല്ല ഇതിനർഥം; വെള്ളം തീർത്തും ഇല്ലാതാകുന്ന ദിവസം കുറച്ചു നീട്ടിവയ്ക്കാനായെന്നു മാത്രം. നിലവിലെ നിയന്ത്രണങ്ങളെല്ലാം അതേപടി തുടരും. ഫെബ്രുവരി ഒന്നു മുതൽ നഗരത്തിൽ ജല ഉപയോഗത്തിനു നിയന്ത്രണമുണ്ട്. ഒരാൾക്കു ദിവസം പരമാവധി 50 ലീറ്റർ വെള്ളം മാത്രം (യുഎസിൽ ഒരാൾ ദിവസം 300–380 ലീറ്റർ വെള്ളം ഉപയോഗിക്കുന്നിടത്താണിത്).

കുടിക്കാനും പാചകത്തിനും ഉപയോഗിച്ചിട്ടും മിച്ചമുണ്ടെങ്കിൽ ഒരു ‘കാക്കക്കുളി’യാകാം. തുണിയലക്കിനെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട. അടുക്കളയിൽ നിന്നുള്ള മലിനജലം ശുദ്ധീകരിച്ചാണു ശുചിമുറികളിൽ ഉപയോഗിക്കുന്നത്.

എന്താണ് ഡേ സീറോ?

കേപ് ടൗണിൽ ജലവിതരണത്തിനുള്ള വലിയ സംഭരണികളിലെ വെള്ളത്തിന്റെ തോത് 13.5 ശതമാനത്തിൽ താഴെയെത്തുന്ന ദിവസം (ഡേ സീറോ–ജലരഹിത ദിനം) വീടുകളിലേക്കുള്ള ജലവിതരണം അവസാനിപ്പിക്കുമെന്നാണ് അറിയിപ്പ്. പൊതുടാപ്പുകളിലൂടെ മാത്രമാകും പിന്നെ വിതരണം. അതും ഒരാൾക്കു പരമാവധി ഒരു ബക്കറ്റ്.

20,000 പേർക്ക് ഒന്ന് എന്ന നിലയിൽ 200 പൊതുടാപ്പുകളാണു നഗരത്തിലുള്ളത്. ഡേ സീറോ, ഏപ്രിൽ 22ന് എത്തുമെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചതോടെ, ജൂലൈ വരെ കുഴപ്പമില്ലെന്നായി. ഇപ്പോൾ അത് ഓഗസ്റ്റ് 27ലേക്കു നീട്ടിയിരിക്കുന്നു. അതിനു മുൻപു മഴയെത്തുമെന്നു പ്രതീക്ഷ.

കേപ് ടൗൺ എന്ന മുന്നറിയിപ്പ്

തുള്ളിപോലും ചോരാത്തവിധം വീട്ടിലെ ടാപ്പുകളൊക്കെ അടച്ചുവെന്ന് ഉറപ്പാക്കിയിട്ടു വേണം കേപ് ടൗൺ എന്ന ദക്ഷിണാഫ്രിക്കൻ പട്ടണത്തെക്കുറിച്ചു വായിക്കാൻ. ശുദ്ധജല ദൗർലഭ്യം മൂലം മരണത്തിലേക്കു നടക്കുന്ന ആദ്യ പ്രധാന പട്ടണമാകും ഇതെന്നാണു സൂചന. 40 ലക്ഷത്തോളം ജനങ്ങളുള്ള ഇവിടെ മൂന്നു വർഷമായി കൊടിയ വരൾച്ചയാണ്.

ചത്തടിയുന്ന വളർത്തുമൃഗങ്ങൾ, കരിഞ്ഞുണങ്ങിയ മരങ്ങൾ, മുക്കിലും മൂലയിലും വെള്ളത്തിനു വരിനിൽ‌ക്കുന്ന ജനക്കൂട്ടം. വർഷങ്ങൾക്കു മുൻപേ അപകടസൂചന ലഭിച്ചിട്ടും കാര്യമായെടുക്കാത്തതിനു നൽകേണ്ടിവന്ന വില. കൈകഴുകാൻ പോലും വെള്ളമില്ലാത്തതിനാൽ, ഹാൻഡ് സാനിറ്റൈസറുകൾ വാങ്ങി ‘മുടിയുകയാണ്’ ഇവിടത്തുകാർ.

സ്വർണ ഉൽപാദക രാജ്യങ്ങളിൽ മുൻപന്തിയിലുള്ള ദക്ഷിണാഫ്രിക്കയിലെ ഈ തീരദേശപട്ടണം ഇപ്പോൾ മനസ്സിലാക്കുന്നു, സ്വർണത്തെക്കാൾ വിലയുള്ളതാണു വെള്ളമെന്ന്! കേപ് ടൗണിന്റെ ദുരിതം അവരുടേതു മാത്രമല്ല, ലോകത്തിനാകെയുള്ള മുന്നറിയിപ്പാണ്.

ബെംഗളൂരുവും ഭീഷണിയിൽ

ലോകത്തു വെള്ളമില്ലാതാകാൻ സാധ്യതയുള്ള 12 നഗരങ്ങളുടെ പട്ടികയിൽ നമ്മുടെ ബെംഗളൂരുവുമുണ്ട്. മലിനീകരണംമൂലം ബെംഗളൂരുവിലെ ശുദ്ധജലതടാകങ്ങളിലെ 85% വെള്ളവും കുടിക്കാൻ യോഗ്യമല്ലാതായെന്നു കഴിഞ്ഞ മാസം ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.

നാം ഉപയോഗിക്കുന്നത്

കേരളത്തിലെ നഗരങ്ങളിൽ ഒരാൾ ഒരുദിവസം 300 ലീറ്റർ വരെ വെള്ളം ഉപയോഗിക്കുണ്ടെന്നാണു കോഴിക്കോട്ടെ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) നടത്തിയ പഠനം സൂചിപ്പിക്കുന്നത്. ഗ്രാമങ്ങളിൽ ഇതു 150–200 ലീറ്റർ വരെയാണ്.