Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈറ്റ് മെട്രോ: ഡിഎംആർസിക്ക് നൽകിയ ഉറപ്പുകൾ ഗവ. ലംഘിച്ചു

light-metro

തിരുവനന്തപുരം∙ ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടു ഡൽഹി മെട്രോ റെയിൽ കോർപറേഷനു (ഡിഎംആർസി) നൽകിയ ഉറപ്പുകൾ സർക്കാർ തുടർച്ചയായി ലംഘിച്ചതായി രേഖകൾ. പദ്ധതിക്കുള്ള കരാർ ഉടൻ ഒപ്പിടാമെന്നു രണ്ടുതവണ രേഖാമൂലം ഉറപ്പു നൽകിയെങ്കിലും പാലിച്ചില്ല. വിശദ പദ്ധതിരേഖ സംബന്ധിച്ചു ചർച്ചചെയ്യാമെന്ന് ഇ.ശ്രീധരനു നൽകിയ ഉറപ്പും ലംഘിച്ചു. 

ലൈറ്റ് മെട്രോ പദ്ധതിയുടെ ചുമതലയുള്ള കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡ് കഴിഞ്ഞ മേയ് അഞ്ചിനാണു കരാർ ഒപ്പുവയ്ക്കുന്നതു സംബന്ധിച്ച് ആദ്യത്തെ കത്തു ഡിഎംആർസിക്കു നൽകിയത്. ലൈറ്റ് മെട്രോയുടെ ഭാഗമായി മേൽപാലങ്ങൾ നിർമിക്കുന്നതിനുള്ള കരാർ മേയ് അവസാനത്തോടെ ഒപ്പിടാനാകുമെന്നായിരുന്നു വാഗ്ദാനം.

എന്നാൽ വാഗ്ദാനം പാലിക്കപ്പെട്ടില്ല. തുടർന്നു‌ ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കു ഡിസംബർ 31ന് അകം കരാറൊപ്പിടാമെന്ന് അറിയിച്ചു നവംബർ 17നു വീണ്ടും കത്തു നൽകിയെങ്കിലും നടപടിയുണ്ടായില്ല. 

ഡിഎംആർസി വിശദമായ പദ്ധതി റിപ്പോർട്ട് നൽകിയിട്ടും സർക്കാരിൽനിന്നു മറുപടി ലഭിക്കാത്തതിനെത്തുടർന്ന് ഇ.ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനു ജനുവരി മൂന്നിനു കത്തയച്ചു. ഇതിനു ഫെബ്രുവരി ഒന്നിനു മുഖ്യമന്ത്രി നൽകിയ മറുപടിയിൽ വിശദ പദ്ധതി റിപ്പോർട്ട് സജീവ പരിഗണനയിലാണെന്നു സൂചിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടർന്നും നടപടിയില്ലാത്തതോടെ ഡിഎംആർസി പദ്ധതിയിൽനിന്നു പിന്മാറുന്നതായി അറിയിക്കുകയായിരുന്നു.

related stories