മലയാള സർവകലാശാല വിസി നിയമന ലിസ്‌റ്റിൽ അട്ടിമറിശ്രമമെന്ന് സംശയം: സിപിഎം അന്വേഷിക്കുന്നു

മലപ്പുറം ∙ മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി നിർദേശിച്ച ലിസ്‌റ്റ് ഗവർണറുടെ ഓഫിസിലേക്കു വിടുന്നതിനു മുൻപ് ആരെങ്കിലും ഇടപെട്ടു തിരുത്താൻ ശ്രമിച്ചോയെന്നു സിപിഎമ്മിനു സംശയം. വിസി സ്‌ഥാനത്തേക്കു തിരഞ്ഞെടുത്ത ഡോ. അനിൽ വള്ളത്തോൾ സെർച്ച് കമ്മിറ്റി തയാറാക്കിയ ലിസ്‌റ്റിലെ രണ്ടാം സ്‌ഥാനക്കാരനാണെന്നു പാർട്ടി പത്രത്തിൽ വാർത്ത വന്നതാണു സംശയത്തിനു കാരണം.

വിസി സ്‌ഥാനത്തേക്ക് അനിൽ വള്ളത്തോളിനായിരുന്നു പാർട്ടിയുടെ പ്രഥമ പരിഗണന. സെർച്ച് കമ്മിറ്റിയുടെ നിർദേശവും അങ്ങനെയാണെന്നായിരുന്നു വിശ്വാസം. മറിച്ചൊരു വാർത്ത പാർട്ടി പത്രത്തിൽ വന്നതോടെയാണു സംസ്‌ഥാന നേതൃത്വം അന്വേഷണം തുടങ്ങിയത്. സെർച്ച് കമ്മിറ്റിയുടെ നിർദേശത്തിൽ ഒന്നാം സ്‌ഥാനത്തുണ്ടായിരുന്നതു ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ പ്രഫ. ഉദയകുമാറായിരുന്നുവെന്നും രണ്ടാമത്തെ പേരുകാരനായ ഡോ. അനിൽ വള്ളത്തോളിനെയാണു ഗവർണർ അംഗീകരിച്ചതെന്നുമായിരുന്നു പാർട്ടി പത്രത്തിലെ വാർത്ത.

ആദ്യപേരുകാരനായി നിർദേശിക്കപ്പെട്ട ഉദയകുമാർ, അതിവേഗം ചുമതലയേറ്റെടുക്കുന്നതിനു പ്രയാസമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് അനിലിനെ പരിഗണിക്കുകയായിരുന്നുവെന്നാണു പാർട്ടി പത്രത്തിലെ വിശദീകരണം. ചുമതലയേൽക്കാൻ ഉദയകുമാറിന് അവസരം നൽകിയില്ലെന്ന ധ്വനിയും വാർത്തയിലുണ്ട്. പാർട്ടി പത്രത്തെ പാർട്ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ, ലിസ്‌റ്റ് തിരുത്താൻ ശ്രമം നടത്തിയതാണോ എന്ന അന്വേഷണത്തിലാണു നേതൃത്വം.

സെർച്ച് കമ്മിറ്റിയുടെ ലിസ്‌റ്റിലെ നിർദേശം സംബന്ധിച്ചു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത വന്നതിൽ മന്ത്രി സി.രവീന്ദ്രനാഥ് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ അതൃപ്‌തി അറിയിച്ചതായാണു സൂചന. ഉന്നത വിദ്യാഭ്യാസ കൗൺസിലിലെ ആരുടെയെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്നും പാർട്ടി അന്വേഷിക്കുന്നുണ്ട്. ലിസ്‌റ്റ് സമർപ്പിക്കാനുള്ള കടലാസ് ജോലികളിൽ ചീഫ് സെക്രട്ടറിയെ കൗൺസിലിലുള്ളവർ സഹായിക്കുന്ന രീതിയുണ്ട്. വിസി നിയമനത്തിന് ആളെ പരിഗണിക്കുമ്പോൾ സാധാരണ സർക്കാർ താൽപര്യത്തിനു വിരുദ്ധമാവാറില്ല. എന്നിട്ടും മറ്റൊരു പേരു പുറത്തു വന്നതിന്റെ സാഹചര്യം കണ്ടെത്താനുള്ള ശ്രമത്തിലാണു പാർട്ടി. 

ഈ ചോദ്യങ്ങൾക്ക് പാർട്ടി ഉത്തരം തേടുന്നു

∙ സർക്കാരിന്റെയും പാർട്ടിയുടെയും പരിഗണനയിലില്ലാത്ത പേര് ലിസ്‌റ്റിൽ ഒന്നാം സ്‌ഥാനത്തു വന്നിട്ടുണ്ടോ?
∙ ഉണ്ടെങ്കിൽ, പാർട്ടി അറിയാതെ അതിനു പിന്നിൽ പ്രവർത്തിച്ചത് ആരാണ്?
∙ വിസിയായി നിയമിതനായ അനിൽ വള്ളത്തോൾ ലിസ്‌റ്റിലെ രണ്ടാം സ്‌ഥാനക്കാരനാണെന്ന വാർത്ത ശരിയാണോ?
∙ ശരിയല്ലെങ്കിൽ പാർട്ടി പത്രത്തെ തെറ്റിദ്ധരിപ്പിച്ച് അങ്ങനെ വാർത്ത കൊടുപ്പിച്ചത് ആരാണ്?