തിരുവനന്തപുരം∙ നോക്കൂകൂലിയുടെ കാര്യത്തിൽ തെറ്റുതിരുത്താൻ എല്ലാ യൂണിയനുകളും തയാറായി വന്നിട്ടുണ്ടെന്നു നിയമസഭയിൽ മന്ത്രി എ.സി.മൊയ്തീൻ. ഇനിയും തെറ്റായ നിലപാട് തുടർന്നാൽ കർശന നിയമ നടപടികളിലേക്കു കടക്കും. അതേസമയം, നോക്കുകൂലി വാങ്ങുന്ന സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്നും അതിനെ സാമാന്യവൽക്കരിച്ചു കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ചുമട്ടുതൊഴിലാളികൾ മുഴുവൻ അക്രമികളും പിടിച്ചുപറിക്കാരുമാണ് എന്ന ആക്ഷേപം ശരിയല്ല. ഒറ്റപ്പെട്ട സംഭവങ്ങൾ ചുമട്ടുതൊഴിലാളി മേഖലയിൽ മാത്രമല്ല ഉള്ളത്. ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചു മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ ആവശ്യത്തിനു സമയം വേണമെന്ന് അവർ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം 30 വരെ സമയം നൽകിയത്. അതിനിടയ്ക്ക് ഉണ്ടായ ഒറ്റപ്പെട്ട സംഭവം പർവതീകരിച്ചു കാണുന്നതു ശരിയല്ല.
സ്കീമിലുള്ളവർക്കും റജിസ്റ്റേർഡ് തൊഴിലാളികൾക്കും അവരുടെ അവകാശം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതുകൊണ്ടാണ് ഇന്നലെ പാസാക്കിയ നിക്ഷേപം പ്രോൽസാഹിപ്പിക്കൽ നിയമത്തിൽ ചെറിയ ഭേദഗതി വരുത്തിയത്. യന്ത്രവും വിദഗ്ധ തൊഴിലാളികളും വേണ്ടിടത്തു വ്യവസായികൾക്ക് ഇനി സ്വന്തം തൊഴിലാളികളെ കയറ്റിറക്കിനു നിയോഗിക്കാം. മറ്റു ജോലികൾക്കു നിലവിലെ വ്യവസ്ഥ പ്രകാരമേ ചുമട്ടുതൊഴിലാളികൾക്കു പ്രതിഫലം വാങ്ങാൻ കഴിയൂ. തോന്നുന്നതു പോലെ കൂലി വാങ്ങാൻ അനുവദിക്കില്ല. ഇത്തരം തെറ്റായ പ്രവണതകളെ ഒരുമിച്ചു കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.