തൃശൂർ ∙ പൊലീസിനു വീഴ്ച പറ്റിയിട്ടുണ്ടെന്നും വീഴ്ചകളോടുള്ള സർക്കാരിന്റെ നിലപാട് എന്താണെന്നതാണ് വിലയിരുത്തേണ്ടതെന്നും മന്ത്രി എ.സി.മൊയ്തീൻ. മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷം നടക്കാനിരിക്കെ സർക്കാരിന്റെ പ്രതിച്ഛായയെ പൊലീസിനു പറ്റിയ വീഴ്ചകളെ വച്ച് വിലയിരുത്തേണ്ട. എടപ്പാൾ സംഭവത്തിൽ എസ്ഐയെ ബലിയാടാക്കാൻ ശ്രമമുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് വന്ന ശേഷം പരിശോധിക്കാം.
നോക്കുകൂലി സാർവത്രികമായി ഇപ്പോൾ ഇല്ല. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാവാം. അതുസംബന്ധിച്ച് പരാതി കിട്ടിയാൽ നടപടി സ്വീകരിക്കും. മലബാർ സിമന്റ്സ് ഇപ്പോൾ ലാഭത്തിലാണെന്നും 23ന് ലാഭവിഹിതം വിതരണം ചെയ്യാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു. സിമന്റിന്റെ മൊത്ത– ചില്ലറ വിൽപനയ്ക്ക് സഹകരണ സംഘങ്ങളെ വരെ ഉപയോഗപ്പെടുത്തുന്ന കാര്യം ആലോചിക്കും. തെക്കൻ കേരളത്തിലും മലബാർ സിമന്റിന്റെ വിൽപന വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.