കൊച്ചി ∙ ട്രേഡ് യൂണിയനുകൾ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജ്മെന്റുകളുമായി നല്ല ബന്ധം നിലനിർത്തണമെന്ന് മന്ത്രി എ.സി. മൊയ്തീൻ. സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് അനുകൂലമായ ആശയങ്ങൾ ട്രേഡ് യൂണിയനുകൾക്കു നൽകാം. എന്നാൽ ഭരിക്കാൻ നോക്കേണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ട്രേഡ് യൂണിയനുകൾ ശക്തമാണ്. അതിനാൽ ഞങ്ങൾ കൽപിക്കും അത് അനുസരിച്ചാൽ മതിയെന്ന നിലപാട് മാനേജ്മെന്റുകൾക്കും ചേർന്നതല്ല.
യൂണിയനുകളുടെ ആശയ നിർദേശങ്ങൾ പ്രയോജനകരമെങ്കിൽ സ്വീകരിക്കാം. എന്നാൽ എല്ലാം യൂണിയൻ തീരുമാനിക്കട്ടെ, അതാണു തന്റെ നിലനിൽപിനു നല്ലത് എന്നു മാനേജർമാരും ചിന്തിക്കാൻ പാടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അൽപം വളയേണ്ട സന്ദർഭത്തിൽ ഒടിയാൻ നിൽക്കുന്നതും നല്ലതല്ല.
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ സിഇഒമാർക്കും സിഎഫ്ഒമാർക്കും വേണ്ടി റിയാബ് സംഘടിപ്പിച്ച കോർപ്പറേറ്റ് ഗവേണൻസ് ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കൽ സർക്കാർ നയമല്ല. പൊതുമേഖലയെ ശക്തിപ്പെടുത്തി തൊഴിലവസരങ്ങൾ വർധിപ്പിക്കുകയാണു ലക്ഷ്യം.
എന്നാൽ സാമ്പത്തിക ഞെരുക്കം മൂലം ഇപ്പോൾ പരിമിതികളുണ്ട്. പക്ഷേ പൊതുമേഖലയ്ക്ക് സാമ്പത്തിക പരിരക്ഷ മാത്രം പോര, മെച്ചപ്പെട്ട ഭരണ നിർവഹണവും വേണമെന്ന് മന്ത്രി മൊയ്തീൻ പറഞ്ഞു. വാർഷിക പെർഫോമൻസ് റിപ്പോർട്ട് ചോദിക്കുമ്പോൾ എല്ലാ സ്ഥാപനങ്ങളും നൽകണം. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ അധ്യക്ഷത വഹിച്ചു. റിയാബ് ചെയർമാൻ എം.പി. സുകുമാരൻ നായർ, സെക്രട്ടറി എസ്. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.