തിരുവനന്തപുരം∙ സംസ്ഥാനത്തെ ലോക്കപ്പുള്ള 471 പൊലീസ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം ലോക്കപ്പിനുള്ളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നു ഡിജിപി: ലോക്നാഥ് ബഹ്റ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കു നിർദേശം നൽകി. വാരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ വിമർശനത്തിന്റെ അടിസ്ഥാനത്തിലാണിത്.
ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ വേണം അടിയന്തരമായി ക്യാമറ സ്ഥാപിക്കേണ്ടത്. ക്യാമറാ ദൃശ്യങ്ങൾ സ്റ്റേഷനിലെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കണം. എല്ലാ ആഴ്ചയും സിഡിയിൽ റിക്കോർഡ് ചെയ്തു സൂക്ഷിക്കണം. ഇതിനു പുറമെ 279 പൊലീസ് സ്റ്റേഷനുകളിൽ മൂന്നുമാസത്തിനകം നൂതന നിരീക്ഷണ ക്യാമറാ സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചു.
മുൻപു സ്ഥാപിച്ച ക്യാമറകളിൽ പകുതിയും പാഴായി
പാലക്കാട്∙ പൊലീസ് സ്റ്റേഷനുകളിൽ ലോക്കപ്പ് കാണുന്ന വിധത്തിൽ ക്യാമറകൾ സ്ഥാപിക്കാൻ 2010ൽ ഉത്തരവിറക്കിയിരുന്നു. 110 സ്റ്റേഷനുകളിലാണ് ഇപ്രകാരം സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഇതിൽ പകുതിയും കൃത്യമായി പ്രവർത്തിക്കുന്നില്ല. ഭൂരിഭാഗവും ഉപയോഗശൂന്യമായി.
ചില സ്റ്റേഷനുകളിൽ ക്യാമറകൾ മനഃപൂർവം കേടാക്കുന്നതായും പൊലീസുകാർ ഓഫാക്കി വയ്ക്കുന്നതായും ആരോപണം ഉയർന്നിരുന്നു. ദൃശ്യങ്ങൾ രണ്ടാഴ്ചയിലൊരിക്കലെങ്കിലും മേലുദ്യോഗസ്ഥർ പരിശോധിക്കണമെന്ന നിർദേശവും നടപ്പായില്ല.
കസ്റ്റഡി പീഡകരെ തിരിച്ചെടുക്കാൻ കർശന വ്യവസ്ഥ
തിരുവനന്തപുരം∙ കസ്റ്റഡിയിൽ ആളുകളെ പീഡിപ്പിച്ചതിന്റെ പേരിൽ നടപടിക്കു വിധേയമാകുന്ന ഉദ്യോഗസ്ഥരെ റേഞ്ച് ഐജിയുടെയോ ഡിജിപിയുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ സർവീസിൽ തിരിച്ചെടുക്കരുതെന്ന് ഡിജിപിയുടെ സർക്കുലർ.
വിവാദം തണുക്കുമ്പോൾ ഉദ്യോഗസ്ഥരെ രഹസ്യമായി സർവീസിൽ തിരിച്ചെടുക്കുന്നതു പതിവാണ്. കേസും തേച്ചുമാച്ചു കളയും. സിബിഐ ഏറ്റെടുത്ത കേസുകളല്ലാത്ത പല കസ്റ്റഡി മരണവും ഇത്തരത്തിൽ പൊലീസ് അട്ടിമറിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണു സർക്കുലർ.