എസ്എഫ്ഐക്കാരുടെ മർദനമേറ്റ പൊലീസുകാരനു സസ്‌പെൻഷൻ
Mail This Article
തിരുവനന്തപുരം∙ ട്രാഫിക് ഡ്യൂട്ടിക്കിടെ യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ വിദ്യാർത്ഥികളുടെ മർദനമേറ്റ പൊലീസുകാരന് സസ്‌പെൻഷൻ. പേരൂർക്കട എസ്എപി ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ ശരത്തിനെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു എന്ന കാരണത്തിൽ സസ്‌പെൻഡു ചെയ്തത്.
പൊലീസുകാരെ മർദിച്ച എസ്എഫ്ഐ പ്രവർത്തകരിൽ പ്രധാനിയായ നസീം യൂണിവേഴ്സിറ്റി കോളജിൽ രണ്ടു മന്ത്രിമാർ വന്ന ചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു. ചിത്രം സഹിതമുള്ള വാർത്തകൾ വന്നതിനെ തുടർന്ന് അടുത്ത ദിവസം നസീമിന് പൊലീസിൽ കീഴടങ്ങേണ്ടി വന്നു. ഇതിന്റെ പ്രതികാരമാണ് ശരത്തിന്റെ സസ്പെൻഷനെന്ന് ആരോപണമുണ്ട്. പാളയ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ വച്ച് യൂ ടേൺ എടുക്കാനുള്ള ശ്രമത്തെ ചോദ്യം ചെയ്തതിനാണ് ശരത്തിനെ വിദ്യാർഥികൾ മർദിച്ചത്. ഈ സംഭവത്തിൽ 6 പ്രതികൾ പൂജപ്പുര പൊലീസിൽ കീഴടങ്ങിയിരുന്നു.
ഒളിവിലാണെന്ന് പൊലീസ് പ്രചരിപ്പിച്ച യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥി നസീമിനെ പിടികൂടണമെന്നാവശ്യപ്പെട്ട് ശരത്തിന്റെ അച്ഛനും അമ്മയും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മന്ത്രിമാരായ എ.കെ.ബാലനും കെ.ടി.ജലീലും പങ്കെടുത്ത പരിപാടിയിൽ സദസിലിരിക്കുന്ന നസീമിന്റെ ചിത്രം വാർത്തയായത്. തൊട്ടടുത്ത ദിവസം നസീം കീഴടങ്ങി. ഇതാണ് ശരത്തിനെതിരേയുള്ള നടപടിക്ക് കാരണമെന്നാണ് ആക്ഷേപം. ശരത് ഇട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുമായി ചിലർ എസ്എപി കമാൻഡന്റിന് നൽകി പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.