തിരുവനന്തപുരം∙ ജീവനക്കാർക്കു മുന്നിൽ തബല കൊട്ടി, കോർപറേഷന്റെ നഷ്ടതാളം മാറ്റാനൊരു ശ്രമം നടത്തുമെന്ന ഉറപ്പു നൽകി എഡിജിപി ടോമിൻ തച്ചങ്കരി കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറ്കടറുമായി ചുമതലയേറ്റു. വിരമിച്ച കണ്ടക്ടർമാരിൽ ഒരാളെ വേദിയിൽ ഒപ്പം കൂട്ടിയാണ് ഇന്നലെ രാവിലെ കെഎസ്ആർടിസി ആസ്ഥാനത്തു തച്ചങ്കരി തബല വായിച്ചത്. രാവിലെ 11ന് മുഴുവൻ ജീവനക്കാരുടെയും യോഗം വിളിച്ചപ്പോൾത്തന്നെ അതിലെ പുതുമ എന്താകുമെന്നു പലരും സംശയം പങ്കുവച്ചു.
തന്നെ തബല വായിക്കാൻ പഠിപ്പിച്ച ഗുരുവാണിതെന്നു പരിചയപ്പെടുത്തിയാണു വിരമിച്ച കണ്ടക്ടറെ അടുത്തു നിർത്തി തച്ചങ്കരി കലാവൈഭവം പുറത്തെടുത്തത്. തൊഴിലാളികൾ ഒപ്പം നിന്നാൽ ശമ്പളവും പെൻഷനും മുടങ്ങാതെ നൽകുന്ന ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നു തച്ചങ്കരി തുടർന്നു പ്രസംഗത്തിൽ പറഞ്ഞു. സിഎംഡി ആയിരുന്ന ഡിജിപി എ.ഹേമചന്ദ്രനിൽനിന്നാണു തച്ചങ്കരി ചുമതലയേറ്റത്.