തിരുവനന്തപുരം∙ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി നിരസിക്കരുതെന്നു മജിസ്ട്രേട്ട് കോടതിയോട് അഡീഷനൽ സെഷൻസ് കോടതി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ സുഹൃത്തും മുൻ ചീഫ് സെക്രട്ടറിയുമായ ജോസ് സിറിയക്കിനെ അംഗമായി നിയമിക്കാൻ കൃത്രിമ രേഖ തയാറാക്കി ജിജി തോംസൺ കേന്ദ്ര നിയമ മന്ത്രാലയത്തിൽ നൽകി എന്നായിരുന്നു പരാതി.
സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സർക്കാരിന്റെ അനുവാദം വേണമെന്നു ചൂണ്ടിക്കാട്ടി മജിസ്ട്രേട്ട് കോടതി നേരത്തെ ഹർജി തള്ളിയിരുന്നു. സർക്കാർ ജീവനക്കാർക്കെതിരെ കേസ് എടുക്കാൻ സുപ്രീം കോടതിയുടെ പുതിയ മാർഗരേഖകൾ വന്ന സാഹചര്യത്തിലാണ് അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ്.
മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്കിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അംഗം ആക്കരുതെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷക സംഘടന ഗവർണർക്കു പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കഴമ്പുണ്ടെന്നും നടപടി എടുക്കണം എന്നും നിർദേശിച്ചു ഗവർണർ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണു റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിലെ നടപടി എടുക്കണം എന്ന ഭാഗത്തിൽ കൃത്രിമം കാട്ടി നടപടി എടുക്കരുത് എന്നാക്കി ജിജി തോംസൺ കേന്ദ്ര നിയമ മന്ത്രാലയത്തിനു ശുപാർശ അയച്ചു എന്നാണു ഹർജിയിൽ ആരോപിച്ചിരുന്നത്.