കൊല്ലം ∙ സിപിഐ പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ കേരള കോൺഗ്രസു (എം)മായുള്ള സഹകരണം സംബന്ധിച്ച ചോദ്യത്തിനു ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ഉത്തരം പറഞ്ഞപ്പോൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഇടപെടൽ. കേരള കോൺഗ്രസ് (എം) ഉപപ്രാദേശിക പാർട്ടിയാണെന്നും അവർക്ക് ഇടതുപക്ഷത്തെ പിന്തുണയ്ക്കാൻ താൽപര്യമാണെങ്കിൽ അതിനു തടസ്സമില്ലെന്നുമായിരുന്നു സുധാകർ റെഡ്‍ഡി പറഞ്ഞത്.
ഉടൻ കാനം ഇടപെട്ടു. പാർട്ടി കോൺഗ്രസ് ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ഇത്തരം ചോദ്യങ്ങൾ അനാവശ്യമാണെന്നും കാനം പറഞ്ഞു. ഇതോടെ സ്വരം മാറ്റിയ റെഡ്ഡി ഇങ്ങനെ വിശദീകരിച്ചു: കേരള കോൺഗ്രസി (എം)നെ എൽഡിഎഫിൽ ഉൾപ്പെടുത്തണമോയെന്നതു മുന്നണിയിലെ എല്ലാ കക്ഷികളും ചേർന്നാണു തീരുമാനിക്കേണ്ടത്. ആ വിഷയത്തിൽ സിപിഐ കേരളഘടകം നിലപാടു വ്യക്തമാക്കിയിട്ടുമുണ്ട്. ആ നിലപാടിനെ അംഗീകരിക്കുന്നു. ഞങ്ങൾ തമ്മിൽ ഭിന്നതയില്ല.