ശിവഗിരിയിൽ ധർമ മീമാംസ പരിഷത്തിനു തുടക്കമായി

ശിവഗിരിയിൽ ശ്രീനാരായണ ധർമമീമാംസാ പരിഷത് ഉദ്ഘാടനം വേൾഡ് ബുദ്ധിസ്റ്റ് കൾച്ചറൽ ട്രസ്റ്റ് സ്ഥാപകൻ ലാമാ ഡോബൂം ദുൾക്കു നിർവഹിക്കുന്നു. സ്വാമി ഗുരുപ്രസാദ്, സ്വാമി പരാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി പ്രകാശാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി സച്ചിതാനന്ദ തുടങ്ങിയവർ സമീപം

വർക്കല∙ ശ്രീശാരദാ പ്രതിഷ്ഠാ വാർഷികത്തിനും ശ്രീനാരായണ ധർമമീമാംസ പരിഷത്തിനും ശിവഗിരി മഠത്തിൽ തുടക്കമായി. മൂന്നു ദിവസത്തെ പരിപാടികൾക്കു വേൾഡ് ബുദ്ധിസ്റ്റ് കൾച്ചർ സെന്റർ സ്ഥാപകൻ ലാമ ഡോബൂം ദുൾക്കു ദീപം തെളിച്ചു. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ ജാതിമത സങ്കൽപങ്ങളെ ഇല്ലാതാക്കാൻ യത്നിച്ച മനുഷ്യസ്നേഹിയാണു ശ്രീനാരായണ ഗുരുദേവനെന്നു ലാമ ഡോബൂം ദുൾക്കു അഭിപ്രായപ്പെട്ടു. 

ക്ഷേത്രങ്ങൾ കേവലം ആരാധനാലയങ്ങൾ മാത്രമാകാതെ വൈജ്ഞാനിക മണ്ഡലങ്ങളാക്കിയും മനുഷ്യന്റെ ആത്മീയ അടിത്തറ ശക്തിപ്പെടുത്തി നിസ്വാർഥ സേവനങ്ങളിലൂടെയും ലോകത്തിനു മുന്നിൽ ആത്മീയതയുടെ കെടാവിളക്കായി തെളിയുന്നതു ഗുരുദേവൻ മാത്രമാണെന്നും ലാമ ഡോബൂം ദുൾക്കു പറഞ്ഞു. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. 

 ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ മുഖ്യപ്രഭാഷണം നടത്തി. മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ഗുരുധർമ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, മുൻ ട്രഷറർ സ്വാമി പരാനന്ദ, സ്വാമി സച്ചിതാനന്ദ, സ്വാമി ശങ്കരാനന്ദ, ഗുരുധർമ പ്രചാരണസഭ ഉപദേശകസമിതി ചെയർമാൻ കുറിച്ചി സദൻ, സഭ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണാനന്ദബാബു, മാതൃസഭ പ്രസിഡന്റ് വി.എൻ.കുഞ്ഞമ്മ, ഡോ. സുശീല, ടി.വി.രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. 

പഠനക്ലാസുകളിൽ സ്വാമി അനപേക്ഷാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ശിവസ്വരൂപാനന്ദ എന്നിവർ പ്രസംഗിച്ചു. ദൈവദശകം 102 ഭാഷകളിലേക്കു തർജമ ചെയ്ത ഗിരീഷ് ഉണ്ണിക്കൃഷ്ണനെയും 52 മണിക്കൂറിൽ ഗുരുദേവന്റെ ജീവചരിത്ര സിനിമ തയാറാക്കിയ വിജീഷ് മണിയെയും ആദരിച്ചു.

 ഇന്നു രാവിലെ ഒൻപതു മുതൽ പഠന ക്ലാസുകളും രാത്രി എട്ടിനു ബ്രഹ്മവിദ്യാർഥി സമ്മേളനവും നടത്തും. നാളെ പുലർച്ചെ മൂന്നിനു ശാരദാമഠത്തിൽ ശാരദാപ്രതിഷ്ഠയുടെ വാർഷികപൂജ. തുടർന്ന് 9.30നു സെമിനാറോടെ സമാപനം.