കൊല്ലം∙ പുതിയ നേതൃത്വത്തെക്കുറിച്ച് അഭിപ്രായ ഐക്യത്തിലെത്താൻ കഴിയാതിരുന്ന സിപിഐ പാർട്ടി കോൺഗ്രസ് എസ്. സുധാകർ റെഡ്ഡിയെ മൂന്നാം തവണയും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഭിന്നത രൂക്ഷമായതിനെത്തുടർന്നു ഡപ്യൂട്ടി ജനറൽ സെക്രട്ടറി പദം ഒഴിച്ചിട്ടു. കേരളത്തിലെ കാനംപക്ഷം കരുത്തുകാട്ടിയെങ്കിലും എതിർചേരിയിലെ കെ.ഇ. ഇസ്മായിൽ ദേശീയനിർവാഹകസമിതി അംഗത്വം നിലനിർത്തി. എന്നാൽ ഇസ്മായിലിനൊപ്പം നിൽക്കുന്നവരെ ദേശീയ കൗൺസിലിൽ വെട്ടിനിരത്തി. മുൻ ദേശീയ നിർവാഹകസമിതി അംഗവും മുൻമന്ത്രിയുമായ സി.ദിവാകരൻ എംഎൽഎ കൗൺസിലിൽനിന്നു പുറത്തായി.
കേന്ദ്ര സെക്രട്ടേറിയറ്റിൽ സ്ഥിരം ക്ഷണിതാവായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പൂർണ അംഗമായി. ദേശീയ നിർവാഹകസമിതി അംഗം ബിനോയ് വിശ്വവും സെക്രട്ടേറിയറ്റിലെത്തി. പന്ന്യൻ രവീന്ദ്രൻ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിഞ്ഞു കൺട്രോൾ കമ്മിഷൻ അധ്യക്ഷനായി. 11 അംഗ കമ്മിഷനിൽ സി.എ. കുര്യൻ തുടരും. മലയാളിയായ ആനി രാജയും കേന്ദ്ര ക്വോട്ടയിൽ നിർവാഹക സമിതിയിൽ തുടരും.
ഡപ്യൂട്ടി ജനറൽ സെക്രട്ടറിപദം അനാരോഗ്യം മൂലം ഒഴിഞ്ഞ ഗുരുദാസ് ദാസ്ഗുപ്തയെ പാർട്ടി പരിപാടി സമഗ്രമാക്കുന്ന കമ്മിഷന്റെ അധ്യക്ഷനാക്കി. കേന്ദ്ര സെക്രട്ടേറിയറ്റിലുള്ള ഡി. രാജ, അതുൽകുമാർ അഞ്ജാൻ എന്നിവരിൽ ആര് ദാസ്ഗുപ്തയ്ക്കു പകരക്കാരനാവണം എന്ന തർക്കത്തെത്തുടർന്നാണു പദവി ഒഴിച്ചിട്ടത്. ഡപ്യൂട്ടി ജനറൽ സെക്രട്ടറി വേണോയെന്നു പിന്നീടു കൗൺസിൽ തീരുമാനിക്കും. ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ കൗൺസിൽ ചേർന്നപ്പോൾ ആന്ധ്രയിൽനിന്നു ചിലർ റെഡ്ഡിക്കെതിരെ തിരിഞ്ഞു. അദ്ദേഹം തുടരണമെന്നു കേരള പ്രതിനിധികൾ വിവിധ തലങ്ങളിലെ യോഗങ്ങളിൽ വാദിച്ചതാണു നിർണായകമായത്.
നിർവാഹകസമിതിയിൽ കേരളത്തിൽനിന്നു പുതുതായി ആരുമില്ല. കാനവും പന്ന്യനും ഇസ്മായിലും ബിനോയിയും തുടരും. ന്യൂനപക്ഷ മുഖമായ മുതിർന്ന നേതാവിനെ കേരളത്തിൽ നടന്ന പാർട്ടി കോൺഗ്രസിൽ തരംതാഴ്ത്തുന്നതിനോടു കേന്ദ്രനേതൃത്വവും വിയോജിച്ചതാണ് ഇസ്മായിലിനു തുണയായത്. ഇസ്മായിലിന്റെ ഉറ്റ അനുയായിയും മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ സി.എൻ. ചന്ദ്രനും ഒപ്പം നിൽക്കുന്ന കമല സദാനന്ദനും കൗൺസിലിൽനിന്നു പുറത്തായി.
മുൻ അസി. സെക്രട്ടറി സത്യൻ മൊകേരി, കെ. രാജൻ എംഎൽഎ എന്നിവരും ഒഴിവാക്കപ്പെട്ടു. പകരം മന്ത്രി ഇ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ (എഐടിയുസി), എൻ. അനിരുദ്ധൻ (കൊല്ലം), പി. വസന്തം (മഹിളാ സംഘം), മുൻ എംഎൽഎ എൻ. രാജൻ (ദലിത് പ്രാതിനിധ്യം) എന്നീ പുതുമുഖങ്ങളെത്തി– അഞ്ചും കാനംപക്ഷക്കാർ. കൗൺസിലിൽനിന്നൊഴിഞ്ഞ സത്യൻ മൊകേരിയുടെ ഭാര്യയാണു പി. വസന്തം. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് മഹേഷ് കക്കത്ത് കൗൺസിലിലെ കാൻഡിഡേറ്റ് അംഗമാവും. കൗൺസിലിൽ 15 പേരോടെ കേരളം കരുത്തുകാട്ടി.
കനയ്യകുമാർ കൗൺസിലിൽ
യുവാക്കൾക്കായുള്ള മുറവിളിയെത്തുടർന്നു ഡൽഹി ജെഎൻയുവിലെ സമരനായകൻ കനയ്യകുമാറടക്കം യുവജന–വിദ്യാർഥി സംഘടനകളിൽനിന്ന് അഞ്ചുപേർ ദേശീയ കൗൺസിലിൽ ഇടംപിടിച്ചു. 11 അംഗ സെക്രട്ടേറിയറ്റിൽ നാലു പുതുമുഖങ്ങൾ. 31 അംഗ നിർവാഹകസമിതിയിൽ എട്ടു പുതിയ അംഗങ്ങളെത്തി. 20% പേർ പുതുമുഖങ്ങളാവണമെന്ന വ്യവസ്ഥ പാലിച്ചാണിത്.
സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങൾ
എസ്.സുധാകർ റെഡ്ഡി
ഡി.രാജ
ഷമീം ഫൈസി
അമർജിത് കൗർ
അതുൽകുമാർ അഞ്ജാൻ
രാമീന്ദ്രകുമാർ
ഡോ. കെ.നാരായണ
കാനം രാജേന്ദ്രൻ
ബിനോയ് വിശ്വം
ബി.കെ.ബാംഗോ
പല്ലബ് സെൻ ഗുപ്ത
കേരളത്തിൽ നിന്നുള്ള ദേശീയ കൗൺസിൽ അംഗങ്ങൾ
കാനം രാജേന്ദ്രൻ
പന്ന്യൻ രവീന്ദ്രൻ
കെ.ഇ.ഇസ്മായിൽ
ബിനോയ് വിശ്വം
കെ.പ്രകാശ് ബാബു
ഇ.ചന്ദ്രശേഖരൻ
പി.വസന്തം
ടി.വി.ബാലൻ
കെ.പി.രാജേന്ദ്രൻ
സി.എൻ.ജയദേവൻ
ജെ.ചിഞ്ചുറാണി
എൻ.അനിരുദ്ധൻ
എൻ.രാജൻ
സി.എ.കുര്യൻ (കൺട്രോൾ കമ്മിഷൻ അംഗം)
മഹേഷ് കക്കത്ത് (കാൻഡിഡേറ്റ് അംഗം)