കൊല്ലം∙ വൃദ്ധനേതൃത്വം മാറണമെന്ന പൊതുവികാരത്തിനൊപ്പം കേരളഘടകം കൂടി നിലയുറപ്പിച്ചിരുന്നുവെങ്കിൽ എസ്. സുധാകർ റെഡ്ഡിക്കു പകരക്കാരൻ വരുമായിരുന്നു. അതു വേണ്ടെന്നു കേരളം തീരുമാനിച്ചു. ഡി. രാജയെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കേണ്ടെന്നും നിശ്ചയിച്ചു. പാർട്ടി കോൺഗ്രസിൽ കളിച്ചതും ജയിച്ചതും ആതിഥേയ സംസ്ഥാനം തന്നെ. സുധാകർ റെഡ്ഡിക്കു തുടരാനുള്ള താൽപര്യം കേരള നേതൃത്വം മനസ്സിലാക്കിയതിനാൽ അക്കൂട്ടത്തിൽ നിൽക്കാൻ തീരുമാനിച്ചു. മാറിയാൽ പകരം രാജയ്ക്കാണു സാധ്യത എന്നത് അതിനു കാരണമായിരുന്നു.
ജനറൽ സെക്രട്ടറിയാകാൻ രാജ പാർട്ടിക്കകത്തും പുറത്തും സമാന്തരനീക്കങ്ങൾ നടത്തുന്നുവെന്ന ആക്ഷേപം അവർ പല തലങ്ങളിലും അഴിച്ചുവിട്ടു. പല കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ഒരാളായ അദ്ദേഹം ‘ദേശീയ സെക്രട്ടറി’യായി സ്വയം വിശേഷിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം ആരോപണമായി ഉയർത്തി. ഭാര്യയും മലയാളിയുമായ ആനി രാജ ഇസ്മായിൽ പക്ഷത്തെ തുണയ്ക്കുന്ന നേതാവാണെന്ന വിലയിരുത്തലും എതിർപ്പിനു കാരണമായി.
ദലിത് വിഭാഗത്തിൽപ്പെട്ട രാജയ്ക്കു വേണ്ടി സുധാകർ റെഡ്ഡി തന്നെ വാദിക്കുക എന്നതായിരുന്നു അദ്ദേഹത്തിനുള്ള ഏക സാധ്യത. അതില്ലാതായതോടെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയാകാനും കഴിഞ്ഞില്ല. ഈ ഘട്ടത്തിൽ രാജയെ ഡപ്യൂട്ടിയാക്കിയാൽ നിയന്ത്രണം പൂർണമായി അദ്ദേഹത്തിന്റെ കൈകളിൽ വന്നുചേരുമെന്നു കേരളം മുൻകൂട്ടി കണ്ടു. പുതിയ നേതൃത്വത്തെ നിശ്ചയിക്കാൻ ചേർന്ന യോഗങ്ങളിൽ അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഇടപെടലുകൾ നിർണായകമായി. സുധാകർ റെഡ്ഡി തുടരട്ടെയെന്നു നിർദേശിച്ചത് അദ്ദേഹമാണ്. ഡപ്യൂട്ടിയുടെ കാര്യം ഒഴിച്ചിടാമെന്നും മുൻകൂട്ടി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ പറഞ്ഞു. വാദിച്ചാലും ജയിക്കാനാകില്ലെന്നു വന്നതോടെ രാജ പിൻവാങ്ങി. അദ്ദേഹത്തിനില്ലാത്ത സാധ്യത തനിക്ക് ഇക്കുറിയുണ്ടാകില്ലെന്ന് അതുൽകുമാർ അഞ്ജാനും കരുതിയതോടെ പരസ്യ തർക്കമുണ്ടായില്ല.
കേന്ദ്രസെക്രട്ടേറിയറ്റിലെ പൂർണ അംഗമായി മാറിയതോടെ കാനത്തിനു ദേശീയനിരയിലും സ്വാധീനം കൂടും. ആ ഉന്നതഘടകത്തിൽ അംഗമാകുക വഴി ബിനോയ് വിശ്വം പാർട്ടിയുടെ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ പ്രധാന നേതാവായി. പദവികളിൽ നിന്നു മാറുന്നതു ശീലമാക്കിയ പന്ന്യൻ രവീന്ദ്രൻ അച്ചടക്കസമിതിയുടെ മുഖമായി മാറി കേരളനേതൃത്വത്തിൽ തുടരും. ഈ മൂന്നുപേരും ഔദ്യോഗിക ചേരിയുടെ പ്രധാനികളാണ്. ഇസ്മായിലിന് ദേശീയനിർവാഹകസമിതി അംഗത്വം നിലനിർത്താൻ കഴിഞ്ഞുവെങ്കിലും കൂടെയുള്ളവരെ രക്ഷിക്കാനായില്ല. ടി.വി. ബാലൻ (കോഴിക്കോട്) മാത്രമാണു കൗൺസിലിൽ അദ്ദേഹത്തിന്റെ പക്ഷത്തുള്ളത്.
സി.കെ. ചന്ദ്രപ്പൻ ഒഴിഞ്ഞപ്പോൾ സംസ്ഥാന സെക്രട്ടറിയാകുമെന്നു കരുതിയ സി. ദിവാകരനു ദേശീയ കൗൺസിൽ അംഗത്വം പോയതു വൻ തിരിച്ചടിയാണ്. ദേശീയ നിർവാഹകസമിതിയിലേക്കു തിരിച്ചുവരാനുള്ള സാധ്യത പാർട്ടി കോൺഗ്രസിനിടയിൽ ദിവാകരൻ മാധ്യമങ്ങളോടു പങ്കുവച്ചിരുന്നു. എതിർചേരിക്കാരെ വെട്ടിനിരത്തുന്നുവെന്ന വികാരം കാനം പക്ഷത്തിനെതിരെ പാർട്ടിക്കകത്തു ശക്തമാണ്. പുതിയ സംസ്ഥാന നിർവാഹകസമിതിയെ തിരഞ്ഞെടുക്കാൻ സംസ്ഥാനകൗൺസിൽ ചേരുമ്പോൾ ഭിന്നതകൾ തലപൊക്കിയേക്കാം.