Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോദ്യപേപ്പർ മാറിയെന്ന പരാതി: സിബിഎസ്ഇയുടെ വാദം നിഷേധിച്ച് വിദ്യാർഥിനി

Amiya CBSE

കൊച്ചി∙ സിബിഎസ്ഇ പത്താം ക്ലാസ് കണക്കു പരീക്ഷയ്ക്കു 2016 ലെ ചോദ്യപേപ്പർ മാറിനൽകിയെന്ന പരാതി തെറ്റാണെന്ന സിബിഎസ്ഇയുടെ വാദം നിഷേധിച്ച് വിദ്യാർഥിനി ഹൈക്കോടതിയിൽ. പരീക്ഷ കഴിഞ്ഞു മറ്റു കുട്ടികളുമായി ചോദ്യോത്തരങ്ങൾ ചർച്ച ചെയ്തപ്പോഴാണു തനിക്കു ലഭിച്ചതു മറ്റൊരു ചോദ്യപേപ്പറാണെന്ന് അറിഞ്ഞതെന്നും പരീക്ഷയ്ക്കിടെ പരാതിപ്പെട്ടില്ലെന്നു പറയുന്നതിൽ കഴമ്പില്ലെന്നും വിദ്യാർഥിനിയായ അമീയക്കുവേണ്ടി മാതാവ് റസിയ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

മാറിക്കിട്ടിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തണം എന്നാവശ്യപ്പെട്ട് കോട്ടയത്തെ സ്കൂൾ വിദ്യാർഥിനി അമീയ നൽകിയ ഹർജി കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി.

ചോദ്യപേപ്പർ മാറിയ വിവരം കുട്ടി ഇൻവിജിലേറ്ററെ അറിയിച്ചില്ലെന്നും 2016ൽ സഹോദരൻ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി പരീക്ഷ എഴുതിയതാകാമെന്നും സിബിഎസ്ഇ ആരോപിച്ചിരുന്നു. എന്നാൽ, രണ്ടു വർഷം മുൻപ് സഹോദരൻ പരീക്ഷയെഴുതുമ്പോൾ വിദ്യാർഥിനി എട്ടിലായിരുന്നുവെന്നു സത്യവാങ്മൂലത്തിൽ പറയുന്നു.

പരീക്ഷ കഴിഞ്ഞുള്ള ചർച്ചയിൽ പ്രശ്‌നം ബോധ്യപ്പെട്ട ഉടൻ പ്രിൻസിപ്പലിനും അധ്യാപകർക്കും പരാതി നൽകി. അവർ സിബിഎസ്ഇക്കു നിവേദനവും നൽകി. വീട്ടിൽനിന്നു ചോദ്യപേപ്പർ കൊണ്ടുവന്നിരുന്നെങ്കിൽ പരീക്ഷാഹാളിൽ കടക്കുന്നതിനു മുൻപുള്ള ശരീരപരിശോധനയിൽ കണ്ടെത്തുമായിരുന്നു. ചോദ്യപേപ്പറിൽ ഉത്തരങ്ങൾ ചെയ്തുകൊണ്ടു വന്ന് പകർത്തിയെഴുതിയാൽ ഇൻവിജിലേറ്ററുടെ ശ്രദ്ധയിൽ പെട്ടേനെ.

മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞെന്നു കരുതി ഗണിതത്തിൽ മോശമാണെന്ന് പറയാനാവില്ല. വരുംവർഷങ്ങളിൽ പഠനം തുടരാൻ വിദ്യാർഥിനിയെ അനുവദിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.