കൊച്ചി ∙ ‘നോക്കുകൂലി ഭൂതത്തെ’ കുപ്പിയിലടയ്ക്കാൻ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്‌ൽ) നിയമവഴിക്ക്. ജില്ലാ ലേബർ ഓഫിസർക്കു രേഖാമൂലം പരാതി നൽകിയ ഗെയ്ൽ ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നു. കൊച്ചി - മംഗളൂരു - ബെംഗളൂരു പ്രകൃതിവാതക പൈപ്‌ലൈൻ പദ്ധതി നടപ്പാക്കുന്ന ഗെയ്‌ലിന്റെ കരാറുകാരോടു ബിഎംഎസ് യൂണിയനിൽപ്പെട്ട തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്നതിന് എതിരെയാണു കമ്പനി നിയമനടപടിക്ക് ഒരുങ്ങുന്നത്.
കളമശേരി ഉദ്യോഗമണ്ഡലിലെ യാഡിൽ പൈപ്പുകൾ ട്രക്കിൽ കയറ്റുന്നതു ക്രെയിൻ ഉപയോഗിച്ചാണെങ്കിലും തൊഴിലാളികൾ ട്രക്ക് ഒന്നിനു 3,000 രൂപ മുതൽ 5,000 വരെ നോക്കുകൂലി നിർബന്ധപൂർവം ഈടാക്കുകയാണെന്നു കരാറുകാർ രേഖാമൂലം അറിയിച്ചതായി ഗെയ്‌ൽ ജില്ലാ ലേബർ ഓഫിസർക്കു നൽകിയ പരാതിയിൽ പറയുന്നു.
പരാതിയിൽ നിന്ന്: ‘‘വാതക പൈപ്‌ലൈൻ ജോലികൾ ഫാക്ട് ഉദ്യോഗമണ്ഡൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ പുരോഗമിക്കുകയാണ്. തൃശൂർ, എറണാകുളം ജില്ലകൾ ഉൾപ്പെടുന്ന സെക്‌ഷൻ ഒന്നിലെ പൈപ്പിടൽ കരാർ നൽകിയിട്ടുള്ളതു ഗുഡ്ഗാവ് ആസ്ഥാനമായ ഐഎൽ ആൻഡ് എഫ്എസ് എൻജിനീയറിങ് ആൻഡ് കൺസ്ട്രക്‌ഷൻ കമ്പനിക്കാണ്. ഫാക്ട് ഉദ്യോഗമണ്ഡലിലെ സൈറ്റിൽ ഈ കരാറുകാരൻ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ജോലി ചെയ്യുന്നുണ്ട്. അപ്പോൾ മുതൽ ബിഎംഎസ് യൂണിയനിലെ ചിലർ നോക്കുകൂലി വാങ്ങുന്നു. വൻതുക ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണു കരാറുകാരൻ ഔദ്യോഗികമായി പരാതി നൽകിയത്. സുപ്രധാനമായ വാതക പൈപ്‌ലൈൻ പദ്ധതിക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എല്ലാവിധ പിന്തുണയും നൽകുമ്പോൾ, തൊഴിലാളികളുടെ ഈ നിയമവിരുദ്ധ പ്രവൃത്തി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം’’ - ഗെയ്ൽ അഭ്യർഥിക്കുന്നു.
സംസ്ഥാനത്തെ ഗൃഹ, വ്യവസായ മേഖലകൾക്കു ഗുണകരമായ പ്രകൃതിവാതകം എത്തിക്കാനാണു ഗെയ്‌ൽ പൈപ്‌ലൈൻ സ്ഥാപിക്കുന്നത്. പലവിധ തടസ്സങ്ങൾ മൂലം വർഷങ്ങൾ വൈകിയ പദ്ധതി ഈ വർഷം പൂർത്തിയാക്കാനുള്ള കഠിനശ്രമത്തിലാണു ഗെയ്ൽ. ഈ മാസം ഒന്നു മുതൽ സംസ്ഥാനത്തു നോക്കുകൂലിയില്ലെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും വ്യവസായ മേഖലയായ കൊച്ചിയിൽ ഇപ്പോഴും നോക്കുകൂലിയെന്ന ബാധ ഒഴിയാതെ തുടരുന്നുവെന്നതിന്റെ സാക്ഷ്യം കൂടിയാണു ഗെയ്‌ലിന്റെ പരാതി.